Site iconSite icon Janayugom Online

പാട്ടുകാരനാകണമെന്ന ആഗ്രഹം സഫലമാക്കിയ പുരസ്കാരം

ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് സം​ഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. പുരസ്കാരം മനം നിറച്ചതായും തന്റെ സംഗീതം വൈകിയാണെങ്കിലും അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിദ്യാധരൻ മാസ്റ്റർ പറഞ്ഞു. ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ ‘പതിരാണെന്നോർത്തൊരു കനവിൽ’ എന്ന ഗാനത്തിലൂടെയാണ് പുരസ്കാരം നേടിയത്. ‘എട്ടാം വയസ്സിൽ പാട്ടുപാടാൻ ആഗ്രഹിച്ച് നാടുവിട്ടു പോയ ആളാണ് ഞാൻ. പാട്ടുകാരൻ ആകാൻ ആഗ്രഹിച്ചു നടന്ന എനിക്ക്ഇപ്പോൾ 79 വയസ്സ് കഴിഞ്ഞു. ഇപ്പോഴാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. പാട്ടുകാരനാകാനാണ് എന്നും ആഗ്രഹിച്ചത്. പാട്ടുകാരനായിട്ട് പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. സംഗീതം ചെയ്തതിന് ഇതുവരെ പുരസ്കാരം തേടിയെത്തിയിട്ടില്ല. എന്റെ പാട്ടുകൾ പാടിയതിന് യേശുദാസിനും ചിത്രയ്ക്കും ഒഎൻവി സാറിനുമൊക്കെ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷേ എനിക്കു മാത്രമില്ല. ഏതൊക്കെ പാട്ടുകളാണ് ഞാൻ പാടിയിട്ടുള്ളത് എന്നുപോലും എനിക്ക് ഓർമയില്ല. കുറേയേറെയുണ്ട്. ഇപ്പോൾ പുരസ്കാരം ലഭിച്ചതിൽ മനസ്സ് നിറഞ്ഞു സന്തോഷിക്കുന്നു. ഇപ്പോഴെങ്കിലും ആളുകൾ എന്നെ തിരിച്ചറിഞ്ഞല്ലോ’, വിദ്യാധരൻ മാസ്റ്റർ ജനയുഗത്തോട് പറഞ്ഞു.

ആറുപതിറ്റാണ്ടിലേറെ നീളുന്ന സംഗീത സപര്യയില്‍ നാലായിരത്തിലേറെ പാട്ടുകളാണ് വിദ്യാധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ആരാധകർ ഏറെയുണ്ട്. തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴ മംഗളാലയത്തില്‍ ശങ്കരന്‍, തങ്കമ്മ എന്നിവരുടെ ഏഴു മക്കളില്‍ മൂത്തവനായാണ് വിദ്യാധരൻ മാസ്റ്റർ ജനിച്ചത്. 1965ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലെ ‘ഓ റിക്ഷാവാല’ എന്ന പാട്ടിന് മെഹ്ബൂബിനൊപ്പം കോറസ് പാടിയാണ് വിദ്യാധരൻ മാസ്റ്റർ സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതസംവിധായകനാകുന്നത് ബലിയാടുകള്‍ എന്ന നാടകത്തില്‍ മോഹങ്ങള്‍ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടെയാണ്.1984ല്‍ ശ്രീമുലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത ആഗമനം എന്ന ചിത്രമായിരുന്നു. അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലെ ചന്ദനം മണക്കുന്ന, കാണാന്‍ കൊതിച്ചു എന്ന ചിത്രത്തിലെ സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം എന്നീ ഗാനങ്ങള്‍ സംഗീതം നിര്‍വ്വഹിച്ചതില്‍ മികച്ചതാണ്. എന്റെ ഗ്രാമം, ഭൂതകണ്ണാടി എന്നീ ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്.

You may also like this video

Exit mobile version