Site iconSite icon Janayugom Online

13 പവനടങ്ങിയ ബാഗ് മാറിയെടുത്തു; വീണ്ടെടുത്ത് നല്‍കി തിരുവനന്തപുരം ആര്‍പിഎഫ് ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട 13 പവൻ അടങ്ങിയ ട്രോളി ബാഗ് വിദ്യാര്‍ത്ഥികള്‍ മാറിയെടുത്തത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആര്‍പിഎഫ് യാത്രക്കാരന് വീണ്ടെടുത്ത് നല്‍കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചെന്നൈ — തിരുവനന്തപുരം എക്സ്‍പ്രസില്‍ യാത്ര ചെയ്തിരുന്ന എം അബ്ദുള്‍ റഷീദ് (69) എന്നയാളിന്റെ ബാഗാണ് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ കഴിഞ്ഞപ്പോള്‍ നഷ്ടമായത്. തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അറിഞ്ഞത്. ഉടൻ തന്നെ അബ്ദുള്‍ റഷീദ് ആര്‍പിഎഫിനെ സമീപിക്കുകയായിരുന്നു. 

ബാഗില്‍ മൂന്ന് മാലകള്‍, ബ്രേസ്‍ലെറ്റ്, അഞ്ച് മോതിരങ്ങള്‍, രണ്ട് വളകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ഈ ബാഗിന് തൊട്ടടുത്തായി മറ്റൊരു ബാഗ് ഇരിക്കുകയായിരുന്നു. ഇക്കാര്യം അബ്ദുള്‍ റഷീദ് ആര്‍പിഎഫിനെ അറിയിച്ചു. വിവരം തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ ജെ ജിബിനിന് കൈമാറി. പിന്നാലെ ജിബിനിന്റെ നേതൃത്വത്തിലുള്ള സംഘം ട്രെയിനിലെ ടിടിഇ രാഹുലിനെ ബന്ധപ്പെട്ടു. അപ്പോള്‍ അതേ കോച്ചിൽ യാത്ര ചെയ്തിരുന്ന ഒരു സംഘം വിദ്യാർത്ഥികൾ എറണാകളും ജങ്ഷനിൽ ഇറങ്ങിയതായും അവർ ബാഗ് മാറി എടുത്തതായും കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥി സംഘത്തെ അനുഗമിച്ച അധ്യാപകന്റെ ഫോൺ നമ്പർ കൊമേഴ്സ്യൽ ഡിപ്പാർട്ടമെന്റിന്റെ സഹായത്തോടെ കണ്ടെത്തി അതിൽ ബന്ധപ്പെട്ടു. 

മൂന്നാറിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികൾ ബാഗുകൾ ഒരുമിച്ചു എടുക്കുന്നതിനിടയിൽ ഒരു ബാഗ് മാറിപ്പോയതാണെന്ന് മനസിലായി. 13ന് തിരികെ എറണാകുളം ജങ്ഷനിൽ എത്തുമെന്നും അവിടെ വച്ച് ബാഗ് കൈമാറാമെന്നും അവര്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് വ്യാഴാഴ്ച എറണാകുളം നോർത്ത് സ്റ്റേഷനിൽ വച്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സിജോ സേവിയർ. ജൂഡ്സൺ എന്നിവരുടെ സാന്നിധ്യത്തിൽ ബാഗ് ഉടമസ്ഥന് കൈമാറി. എഎസ്ഐ ലെനിൻ, ഹെഡ്കോണ്‍സ്റ്റബിള്‍ ജോസ് എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായി. 

Exit mobile version