Site iconSite icon Janayugom Online

പന്ത് ഇനി പുരപ്പുറത്ത്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യയെ ടി20യില്‍ സൂര്യകുമാര്‍ യാദവാണ് നയിക്കുക. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. ഏറ്റവും ഒടുവിൽ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയപ്പോൾ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. മുഖ്യ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന് കീഴിൽ ലഭിച്ച ആദ്യ അവസരം. ഗംഭീറിനൊപ്പമുള്ള തുടക്കം തീർത്തും മോശമാക്കിയെങ്കിലും, തൊട്ടുപിന്നാലെയാണ് സഞ്ജുവിന് ഒരിക്കൽക്കൂടി ഇന്ത്യൻ ടി20 ടീമിൽ ഇടം ലഭിച്ചിരിക്കുന്നത്. അതേസമയം അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഓപ്പണറായിട്ടാകും സഞ്ജുവെത്തുക. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ട് കളികളില്‍ ഒന്നില്‍ ഓപ്പണറായും മറ്റൊന്നില്‍ മൂന്നാം നമ്പറിലും അവസരം കിട്ടിയെങ്കിലും സഞ്ജുവിന് പക്ഷെ അക്കൗണ്ട് തുറക്കാനായിരുന്നില്ല. ഐപിഎല്ലില്‍ രാജസ്ഥാനായി മുൻ സീസണുകളില്‍ സഞ്ജു ഓപ്പണറായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന് പലപ്പോഴും ഷോട്ട് സെലക്ഷൻ തലവേദന സൃഷ്ടിക്കാറുണ്ട്. മൂന്നു മത്സരങ്ങളില്‍ തുടർച്ചയായി ഓപ്പണറാകാൻ സാധിച്ചാല്‍ തുടക്കത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ ബാറ്റുവീശാൻ താരത്തിന് സാധിക്കും. ടി20 മത്സരങ്ങളില്‍ ഓപ്പണിങ് പൊസിഷൻ എപ്പോഴും പ്രധാനപ്പെട്ടതാണ്. അവസരം കൃത്യമായി വിനിയോഗിച്ചാല്‍ ഇന്ത്യൻ ടീമിലെ സ്ഥിരസാനിധ്യമാകാൻ സഞ്ജുവിനാകും. 

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ എത്തും. നാലാം നമ്പറില്‍ മുന്‍ നായകന്‍ ഹാ­ര്‍ദിക് പാണ്ഡ്യയെത്തുമ്പോള്‍ ഫിനിഷ­ർമാരായി അഞ്ചാം നമ്പറിൽ ശിവം ദുബെയും ആറാമനായി റിങ്കു സിങ്ങും ഇറങ്ങാനാണ് സാധ്യത. സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിങ്­ട­ണ്‍ സുന്ദറാവും എ­ത്തു­ക. ര­വി ബിഷ്ണോയിയും സ്പിന്നറായെത്തും. പേസര്‍മാരായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരെ ഉള്‍പ്പെടുത്തിയേക്കും. ഗൗതം ഗംഭീറിന് കീഴില്‍ രണ്ടാമത്തെ ടി20 പരമ്പരയ്ക്കാണ് ഇന്ത്യയിറങ്ങുന്നത്. നേരത്തെ ശ്രീലങ്കയ്ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

Exit mobile version