Site iconSite icon Janayugom Online

രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ച

രാജ്യത്തെ 81.5 കോടി ഇന്ത്യക്കാരുടെ കോവിഡ് പരിശോധനാ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കൈവശമുണ്ടായിരുന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്പനയ്ക്കായി പരസ്യപ്പെടുത്തിയെന്ന് ന്യൂസ് 18 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ചോര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. അമേരിക്കൻ സൈബര്‍ സുരക്ഷ ഇന്റലിജൻസ് ഏജൻസിയാണ് വിവരം ചോര്‍ന്നത് കണ്ടെത്തിയത്. പിഡബ്ല്യുഎൻ0001 എന്ന പേരിലാണ് ആധാറും പാസ്പോര്‍ട്ട് വിവരങ്ങളും ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്തതിട്ടുള്ളത്. നാല് ലക്ഷം ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സ്പ്രെഡ് ഷീറ്റ് സാമ്പിളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലൊന്നില്‍ ഇന്ത്യയിലെ താമസക്കാരായ 1,00,000പേരുടെ സ്വകാര്യ രേഖകളും ഉള്‍പ്പെടുന്നു.

ഐസിഎംആറിനു കൈവശമുണ്ടായിരുന്ന കോവിഡ് പരിശോധനാ വിവരങ്ങളില്‍ നിന്നാണ് ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പിഡബ്ല്യുഎൻ0001 അവകാശപ്പെടുന്നു. എന്നാല്‍ പരിശോധനാ വിവരങ്ങള്‍ ഐസിഎംആര്‍, നാഷണല്‍ ഇൻഫോര്‍മാറ്റിക്സ് സെന്റര്‍, ആരോഗ്യ മന്ത്രാലയം എന്നിവയ്ക്ക് കൈമാറിയിരുന്നതിനാല്‍ വിവരങ്ങള്‍ എവിടെ നിന്നാണ് പുറത്തായത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഡാർക്ക് വെബിൽ വില്പനയ്ക്കെത്തിയ ഡാറ്റയും ഐസിഎംആറിന്റെ പക്കലുള്ള ഡാറ്റയും ഒന്നു തന്നെയാണെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെര്‍ട്ട്-ഇന്‍) സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ ഏജൻസികളെയും മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരം ചോര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ വിവിധ ഏജൻസികളെയും മന്ത്രിമാരെയും നിയോഗിച്ചു. ഐസിഎംആര്‍ പരാതി ഫയല്‍ ചെയ്താല്‍ സിബിഐ കേസ് അന്വേഷിക്കുമെന്നാണ് വിവരം. 

ഫെബ്രുവരി മുതല്‍ ഹാക്കര്‍മാര്‍ ഐസിഎംആര്‍ വിവരങ്ങള്‍ ചോര്‍ത്താൻ ശ്രമം നടത്തിയിരുന്നു. ഈ വിവരം കേന്ദ്ര ഏജൻസികള്‍ക്കും ഐസിഎംആറിനും അറിവുണ്ട്. കഴിഞ്ഞവര്‍ഷം ഐസിഎംആറിന്റെ സെര്‍വറുകള്‍ ഹാക്ക് ചെയ്യാൻ 6000 തവണയിലേറെ ശ്രമം നടന്നിരുന്നു. വിവരങ്ങള്‍ ചോരുന്നത് ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾ ഐസിഎംആറിനോട് നിര്‍ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ആദ്യമായല്ല ആരോഗ്യ മേഖലയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം എയിംസിനെ ലക്ഷ്യമിട്ടും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അയല്‍ രാജ്യത്തില്‍ നിന്നുമാണ് ആക്രമണം ഉണ്ടായതെന്നും അവിടുത്തെ ഐപി അഡ്രസാണ് ലഭ്യമായതെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണില്‍ പ്രതിരോധ കുത്തിവയ്പിനായി കോവിൻ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ഒരു ടെലിഗ്രാം ബോട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ആരോഗ്യ മന്ത്രാലയം അന്ന് തള്ളുകയായിരുന്നു. കോവിൻ രേഖകള്‍ ചോര്‍ന്നിട്ടില്ല എന്ന് സൈബര്‍ സുരക്ഷാ നോഡല്‍ ഏജൻസി സ്ഥിരീകരിച്ചു എന്നായിരുന്നു ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. 

Eng­lish Sum­ma­ry: The biggest data breach in the country

You may also like this video

Exit mobile version