Site iconSite icon Janayugom Online

കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി ബിജെപിക്കാണ് കിട്ടുന്നത്: അരവിന്ദ് കെജ്‌രിവാള്‍

കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോട്ടുകളും ബിജെപിക്ക് നല്‍കുന്ന പരോക്ഷ വോട്ടുകളാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍.കോണ്‍ഗ്രസ് നേതാക്കള്‍ പലരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയെന്നും അതിനാല്‍ തന്നെ കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം.ഗോവയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനാണുള്ളത്. ആം ആദ്മി പാര്‍ട്ടി അല്ലെങ്കില്‍ ബിജെപി. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങളോട് കൂറുള്ള ഒരു സര്‍ക്കാരിനെയാണെങ്കില്‍ നിങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണം.അടുത്ത ഓപ്ഷനെന്തെന്നാല്‍ ബിജെപിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വോട്ട് ചെയ്യുക എന്നതാണ്. ബിജെപിക്ക് പരോക്ഷമായി വോട്ട് ചെയ്യുക എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുക എന്നതാണ്.

ജയിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറും,’ കെജ്‌രിവാള്‍ പറയുന്നു.2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന് ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ബിജെപി ഗോവയില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.നേരത്തെ, തങ്ങള്‍ ജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി മാറില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് പള്ളിയിലും അമ്പലങ്ങളിലും എത്തിച്ച് സത്യം ചെയ്യിച്ചത് വലിയ വാര്‍ത്തയായിരുന്നു.

കഴിഞ്ഞ ദിവസം എ.എ.പിയുടെ 40 സ്ഥനാര്‍ത്ഥികളും ജയിച്ചു കഴിഞ്ഞാല്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്താതെ ഭരിക്കുമെന്ന് സത്യം ചെയ്തിരുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെല്ലാവരും വിശ്വസ്തരാണെന്ന് തനിക്ക് അറിയാമെന്നും, ഇത് ജനങ്ങളെ ബോധിപ്പിക്കാനാണ് ഇത്തരത്തില്‍ സത്യം ചെയ്യിച്ചതെന്നും കെജ്‌രിവാള്‍ പറയുന്നു.ഗോവന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയാണ് പാര്‍ട്ടിക്കുള്ളത്. മികച്ച വിജയം നേടാനും സംസ്ഥാനത്തെ നിര്‍ണായക ശക്തിയാവാനുമാണ് എഎ.പി ഒരുങ്ങുന്നത്.

അതേസമയം, ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകനായ ഉത്പല്‍ പരീക്കറിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമവും കെജ്‌രിവാള്‍ നടത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കെജ്‌രിവാളിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം എന്ന രീതിയിലാവും ഉത്പലിന്റെ പാര്‍ട്ടി പ്രവേശനം വിലയിരുത്തപ്പെടുക.ഫെബ്രുവരി 14നാണ് നിയമസഭയിലെ 40 സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍

Eng­lish Sumamry:The BJP indi­rect­ly gets every vote cast for the Con­gress: Arvind Kejriwal

You may also like thsi video:

Exit mobile version