Site iconSite icon Janayugom Online

പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ 19കാരന്റെ മൃതദേഹം കൊടുങ്ങല്ലൂരിനടുത്ത് കടലിൽ കണ്ടെത്തി

മലപ്പുറം താനൂരിൽ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ 19കാരന്റെ മൃതദേഹം നൂറ് കിലോമീറ്ററോളം അകലെ കൊടുങ്ങല്ലൂരിനടുത്ത് കടലിൽ കണ്ടെത്തി. താനൂർ എടക്കടപ്പുറം സ്വദേശി കമ്മക്കാന്റെ പുരക്കൽ വീട്ടിൽ ഷാജഹാന്റെ മകൻ ജുറൈജാണ് (19) മരിച്ചത്. ജൂലൈ ഒൻപതിനാണ് ജുറൈജിനെ കാണാതായത്. പാലത്തിങ്കൽ കടലുണ്ടി പുഴയിൽ കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. 

ഇത് സംബന്ധിച്ച് താനൂർ പൊലീസ് കേസെടുത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് മൃതദേഹം കൊടുങ്ങല്ലൂരിനടുത്ത് മതിലകം വെമ്പല്ലൂർ കടലിൽ കണ്ടെത്തിയത്. കരയിൽ നിന്ന് 18 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് മൃതദേഹം കണ്ടത്. അഴീക്കോട് തീരദേശ പൊലീസ് മൃതദേഹം കരയിൽ എത്തിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version