Site iconSite icon Janayugom Online

അപകടത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മോർച്ചറിയിൽ അനാഥമായി കിടന്നത് നാലു ദിവസം

അപകടത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാകാതെ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ അനാഥമായി
കിടന്നത് നാലു ദിവസം. തൃക്കാക്കര തുതിയൂരിൽ കെട്ടിട നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംഗാൾ സ്വദേശി നീൽരത്തൻ ബിശ്വാസ് (41) കഴിഞ്ഞ 30 ന് ആണ് ചികിൽസയിൽ കഴിയവെ മരിച്ചത്. അതിഥിത്തൊഴിലാളിയായ നീൽരത്തൻ രണ്ടാഴ്ചയോളം ആശുപത്രിയിൽ തുടർന്നെങ്കിലും 30ന് മരിച്ചു. എന്നാൽ ആശുപത്രിയിൽ സഹായിയായി ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവ് മുങ്ങിയതിനാൽ
മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിന്നു.

നിർമാണ സ്ഥലത്തു ജോലി ചെയ്യുന്നതിനിടെ നടന്ന അപകടമായതിനാൽ വലിയ തുക നഷ്ടപരിഹാരം ലഭിക്കുമെന്നും മൃതദേഹം കൊണ്ടുപോയാൽ ഇതു കിട്ടില്ലെന്നും ചിലർ തെറ്റിദ്ധരിപ്പിച്ചതിനാലാണ് യുവാവ് സ്ഥലം വിട്ടത് എന്ന് പറയുന്നു. പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അതിഥി വെൽഫെയർ ഫോറമാണ് മൃതദേഹം നാട്ടിലേക്ക് അയയ്ക്കാൻ രംഗത്ത് ഉണ്ടായിരുന്നത്. കോട്ടയത്തെ ചികിത്സയ്ക്കിടെ നീൽരത്തനെ നാട്ടിലെ ആശുപത്രിയിലേക്കു മാറ്റാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ബന്ധു തങ്ങളെ സമീപിച്ചിരുന്നതായി വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി ഷിഹാബ് പരേലി പറഞ്ഞു. പരുക്കു ഗുരുതരമായതിനാൽ യാത്ര ബുദ്ധിമുട്ടാകുമെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ ശ്രമം ഉപേക്ഷിച്ചു.

തുടർന്ന് മരണവിവരം അറിഞ്ഞശേഷം രണ്ടു തവണ ആംബുലൻസ് അയച്ചെങ്കിലും മൃതദേഹം വിട്ടുകിട്ടിയില്ലന്നും കരാറകാരനുമായുള്ള തർക്കം മൂലമാണ് 4 ദിവസം മൃതദേഹം മോർച്ചറിയിൽ അനാഥമായി കിടന്നതെന്നും ഷിഹാബ് പറഞ്ഞു. ബംഗാളിലെ നാദിയ ജില്ലക്കാരനായ നീൽരത്തൻ കഴിഞ്ഞ 20 വർഷമായി കൊച്ചിയിൽ വിവിധ കെട്ടിട നിർമാണ കരാറുകാർക്ക് കീഴിൽ തൊഴിൽ ചെയ്തു വരികയായിരുന്നു. ഇന്നലെ വൈകി വിട്ടുകിട്ടിയ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ എംബാം ചെയ്ത് സ്വദേശത്തേക്ക് അയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് അതിഥി വെൽഫെയർ ഫോറം ഭാരവാഹികൾ അറിയിച്ചു.

Exit mobile version