Site iconSite icon Janayugom Online

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്ത് സന്ദര്‍ശനത്തില്‍ ഗൗതം അദാനിയടക്കമുള്ള വ്യവസായികളെ കാണും. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഉക്രെയ്ന്‍ യുദ്ധമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നാളെ ഡല്‍ഹിയില്‍ വച്ചാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.

ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സര്‍വകലാശാലയും വൈകിട്ട് അക്ഷര്‍ധാം ക്ഷേത്രവും ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശിക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണില്‍ വച്ച് പറഞ്ഞിരുന്നു.

വ്യാവസായിക പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടണ്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പുറമേ തൊഴില്‍ സാധ്യതകള്‍, സാമ്പത്തിക വളര്‍ച്ച, തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. ആദ്യമായാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

Eng­lish sum­ma­ry; The British Prime Min­is­ter will arrive in India today

You may also like this video;

Exit mobile version