Site iconSite icon Janayugom Online

ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണം; മാർപാപ്പ

ഗാസയിലെ യുദ്ധമൃഗീയത അവസാനിപ്പിക്കണമെന്ന് മാർപാപ്പ ലിയോ പതിനാലാമൻ ആഹ്വാനം ചെയ്തു. ഗാസ സിറ്റിയിലെ ഒരു കത്തോലിക്കാ പള്ളിക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ ഈ പ്രതികരണം. ഞായറാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ മാർപാപ്പ, “ഗാസ സിറ്റിയിലെ കത്തോലിക്ക പള്ളി ഇടവകയ്ക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ മൂന്ന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഇരകൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഗാസയിലെ സാധാരണക്കാർക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ പ്രവൃത്തി. യുദ്ധ മൃഗീയത ഉടൻ അവസാനിപ്പിക്കണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു,” എന്നും അദ്ധേഹം പറഞ്ഞു.

അതേസമയം, ഗാസയിൽ സഹായം കാത്തുനിന്നവർക്ക് നേരെ ഇസ്രായേൽ സൈന്യം പെപ്പർ സ്പ്രേ പ്രയോഗിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രായേലിന്റെയും അമേരിക്കയുടെയും നേതൃത്വത്തിലുള്ള ജിഎച്ച്എഫിന്റെ സഹായ വിതരണ കേന്ദ്രത്തിലാണ് ഈ ആക്രമണം നടന്നത്. പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതാ പരിശോധന നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version