Site iconSite icon Janayugom Online

പാറ്റയെ കൊല്ലാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് തീയിട്ടു; അയൽവാസിയായ 30കാരിക്ക് ദാരുണാന്ത്യം

ദക്ഷിണ കൊറിയയിലെ ഒസാൻ നഗരത്തിൽ പാറ്റയെ കൊല്ലാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് തീയിട്ട 20കാരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അയൽവാസി മരിച്ചതിനെ തുടർന്നാണ് നടപടി. ചൈനീസ് സ്വദേശിനിയായ 30‑കാരിയാണ് മരിച്ചത്. ലൈറ്ററും തീ പടർത്താൻ ഉപയോഗിക്കുന്ന സ്പ്രേയും ചേർന്ന ‘ഫ്ലെയിം ത്രോവർ’ ഉപയോഗിച്ചാണ് യുവതി പാറ്റയെ കത്തിക്കാൻ ശ്രമിച്ചത്. എന്നാൽ, സ്പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. 

അഞ്ചാം നിലയിലായിരുന്നു മരിച്ച യുവതി താമസിച്ചിരുന്നത്. കെട്ടിടത്തിലേക്ക് തീ പടർന്നപ്പോൾ യുവതി തന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അടുത്ത ബ്ലോക്കിലെത്തിയ രക്ഷാപ്രവർത്തകർക്ക് കൈമാറി. എന്നാൽ, പടികളിൽ പുക നിറഞ്ഞതിനാൽ ജനലിലൂടെ അടുത്ത ബ്ലോക്കിലേക്ക് കയറാനുള്ള ശ്രമത്തിനിടെ 30കാരി താഴേക്ക് വീണ് മരിക്കുകയായിരുന്നു. ഒന്നാം നിലയിൽ വ്യാപാര സ്ഥാപനങ്ങളും ശേഷിക്കുന്ന നിലകളിലായി 32 വീടുകളുമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ മറ്റ് താമസക്കാരിൽ എട്ട് പേർ വിഷപ്പുക ശ്വസിച്ച് ചികിത്സയിൽ കഴിയുകയാണ്.

Exit mobile version