കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം 2019 ചോദ്യം ചെയ്തുള്ള 220 ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബര്‍ 31 ലേക്ക് മാറ്റി. മൂന്നംഗ ബെഞ്ചാകും കേസ് പരിഗണിക്കുകയെന്നും സുപ്രീം കോടതി അറിയിച്ചു. രണ്ടുവര്‍ഷത്തിനുശേഷമാണ് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചത്.
കേസിലെ കക്ഷികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ച് തീരുമാനമെടുത്തത്. പരിഗണനാ വിഷയങ്ങള്‍ തരം തിരിക്കുക. അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും സിഎഎ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്ക് അതതു സംസ്ഥാനങ്ങള്‍ മറുപടി നല്‍കുക. ഹര്‍ജികളില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളില്‍ ഏതൊക്കെ ദിവസം ഏതൊക്കെ വിഷയം പരിഗണിക്കും എന്ന് നിശ്ചയിക്കുക. ഹര്‍ജികളില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ വേര്‍തിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇന്നലെ കോടതിക്കു മുന്നില്‍ അഭിഭാഷകര്‍ ഉന്നയിച്ചത്. സിപിഐ, സിപിഐ(എം) അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
കോടതി നടപടികള്‍ സുഗമവും വാദങ്ങള്‍ ദൈനംദിന രീതിയില്‍ സമയക്രമം പാലിച്ചും മുന്നേറാന്‍ അവസരം വേണമെന്ന നിര്‍ദ്ദേശം കോടതി അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഇതിനെ പിന്തുണച്ചു. അസമും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയം വേര്‍തിരിച്ചാകും പരിഗണിക്കുകയെന്നും ബെഞ്ച് വ്യക്തമാക്കി.
കേസിലെ പരിഗണനാ വിഷയങ്ങള്‍ വേര്‍തിരിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദ്ദേശം നല്‍കി. വ്യക്തിഗത വിഷയങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ഹര്‍ജികളും പരിഗണിക്കേണ്ട വിഷയങ്ങളുടെ ഗണത്തിലേക്ക് ഉള്‍പ്പെടുത്തണം. പരിഗണനാ വിഷയങ്ങളുടെ വിഭജനം സംബന്ധിച്ച് കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
English Summary: The CAA petitions were moved again
You may like this video also