Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മുഖത്തടിച്ച സ്ഥാനാര്‍ത്ഥി അറസ്റ്റില്‍; രാജസ്ഥാനിലെ ടോങ്കില്‍ സംഘര്‍ഷം

ഇലക്ഷന്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ടോങ്കില്‍ സംഘര്‍ഷം. ദിയോലി ഉനൈറ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീണയുടെ അനുയായികള്‍ സംവ്രവാതയ്ക്കു സമീപം സ്റ്റേറ്റ് ഹൈവേ ഉപരോധിക്കുകയും, ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹന ഗതാഗതം തടയുകയും ചെയ്തു. പൊലീസും അര്‍ധസൈനിക വിഭാഗവും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അടിച്ചോടിക്കുകയായിരുന്നു. 

പ്രദേശത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ടോങ്ക് എസ്പി വികാസ് സാങ്‌വാന്‍ പറഞ്ഞു. സംവ്രവാത ഗ്രാമത്തിലെ പൊളിങ് ബൂത്തില്‍ വെച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അമിത് ചൗധരിയെ തല്ലിയതിനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നരേഷ് മീണയെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ അനുയായികളെ തടഞ്ഞു എന്നാരോപിച്ചായിരുന്നു പോളിങ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തത്. ആക്രമണത്തിന്റെ ദൃശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോയില്‍ പതിഞ്ഞിരുന്നു.ഇതിനു പിന്നാലെ നരേഷ് മീണയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതിരുന്ന നരേഷ് മീണയെ രാത്രി നാടകീയമായി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കീഴടങ്ങില്ലെന്ന് പറഞ്ഞ നരേഷ് മീണ, അനുയായികളോട് പൊലീസിനെ വളയാനും, ഗതാഗതം തടസ്സപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് നരേഷ് മീണ സ്വതന്ത്രനായി മത്സരിക്കുന്നത്. ഇതേത്തുടര്‍ന്ന് നരേഷ് മീണയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു.

Exit mobile version