Site iconSite icon Janayugom Online

മോഹങ്ങളോ മോഹഭംഗങ്ങളോ ഇല്ലാതെ ചൂരൽ ജീവിത യാത്ര തുടരുന്നു

മോഹങ്ങളോ മോഹഭംഗങ്ങളോ ഇല്ലാതെ ചൂരൽ ജീവിത യാത്ര തുടരുകയാണ് ചൂരൽ എന്ന വിളിപ്പേരുള്ള ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി രാജപ്പൻ. പോലീസുകാരാണ് ചൂരൽ എന്ന പേര് നൽകിയത്. സൈക്കിളിൽ ചുരലും പച്ചമരുന്നുകളുമായി ഊരുചുറ്റി നടക്കുന്ന ഈ അറുപത്തിയേഴുകാരനെ എല്ലാവരുമറിയും. സൈക്കിളിൽ ബാറ്ററി, റേഡിയോ, ചൂരൽ കെട്ട്, ഒരു പെട്ടിയും. സൈക്കിളിന്റെ മുമ്പിൽ വെച്ചുകെട്ടിയ ശ്രീ വല്ലഭ ഭഗവാന്റെ ഫ്രെയിം ചിത്രം. ഷർട്ടിന്റെ പോക്കറ്റിൽ തിരുകിയ മൊബൈലും കാവി മുണ്ടും ഉടുത്ത് സൈക്കിളിൽ സഞ്ചാരം.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വലിയൊരു വാണിജ്യ മേഖലയുടെ ഉടമയാണ് ചൂരൽ. സ്ഥിരമായി കസ്റ്റമറുണ്ട് ഇദ്ദേഹത്തിന്. തിരുവല്ല ആശുപത്രിയിൽ നിന്നും ഒരു പെൺകുഞ്ഞിനെ എടുത്ത് വളർത്തിയിരുന്നു. അതിനെ വിവാഹം ചെയ്ത് അയച്ചു. എപ്പോഴെങ്കിലും ആ മകളെ കാണാൻ പോകും. മകൾ ഒപ്പം ആയിരുന്നപ്പോൾ കുടകൾ, ചെരുപ്പുകൾ നന്നാക്കലുമായി കറ്റാനത്തായിരുന്നു താമസം. മകൾ വളർന്നതോടെ മഠത്തിൽ ചേർത്തു പടിപ്പിച്ചു. പിന്നെ നാടുചുറ്റലായി. മാന്നാർ സ്റ്റോർമുക്കിലെ ഒരു കടത്തിണ്ണയിലാണ് വാസം. രാവിലെ കുളി കഴിഞ്ഞു യാത്ര തുടങ്ങും.

സൈക്കിളിലെ റേഡിയോയിൽ നിന്നും എഫ് എം ഗാനങ്ങൾ കേട്ടുകൊണ്ടായിരിക്കും യാത്ര. പാട്ടു കേൾക്കുമ്പോൾ സന്തോഷം ഉണ്ടാകും, മറ്റ് ചിന്തകൾ ഉണ്ടാവില്ല എന്നാണ് രാജപ്പൻ പറയുന്നത്. ദിവസ വരുമാനത്തിൽ നിന്നും പട്ടി, പൂച്ച മൃഗാദികൾക്ക് ഭക്ഷണം കൊടുക്കാനും ചൂരൽ രാജപ്പൻ മറക്കാറില്ല. അവരാണ് ചൂരലിന് കൂട്ട്. സ്കൂളുകൾ, കച്ചവടക്കാർ, പോലീസുകാർ തുടങ്ങി ചൂരൽ ആവശ്യമുള്ളവർ വിളിക്കുന്നത് 9061445179 എന്ന നമ്പറിലായിരിക്കും. ചൂരലുകൾക്ക് ഒപ്പം ഉണ്ടാകും നാടൻ പച്ചമരുന്നുകളുടെ ഒരു നീണ്ടനിരയും. ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാം. ചൂരൽ അവിടെയെത്തും.

Exit mobile version