Site iconSite icon Janayugom Online

തലസ്ഥാനം ക്ലീനാണ്; ക്രെഡിറ്റും സല്യൂട്ടും ഇവര്‍ക്ക്

കേരളീയത്തിന്റെ പരിപാടികളൊക്കെ കഴിഞ്ഞ് നഗരമുറങ്ങുന്നത് വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രമായിരിക്കും. ആ സമയത്തും ഉറക്കം കളഞ്ഞ് നഗരത്തിന് വൃത്തിയുടെ മുഖം നല്കാന്‍ കഷ്ടപ്പെടുന്ന മനുഷ്യരുണ്ട്. പരിപാടികള്‍ തീരുമ്പോള്‍ പാതിരാത്രി കഴിയുമെങ്കിലും നേരം വെളുത്ത് സിറ്റിയിലേക്ക് ഇറങ്ങിയാല്‍ നഗരം വൃത്തിയായിരിക്കുന്നതിന്റെ ഫുള്‍ ക്രെഡിറ്റ് ഇവര്‍ക്കാണ്. ചിന്നി ചിന്നി നില്ക്കുന്ന മഴയോ തണുപ്പോ അവരെ ബാധിക്കില്ല. നീട്ടിപിടിച്ച ഈര്‍ക്കില്‍ ചൂലും ഗ്ലൗസിട്ട കൈകളില്‍ ചാക്കും തൂക്കിപ്പിടിച്ച് അവര്‍ നഗരത്തിന്റെ മുക്കും മൂലയും തപ്പി നടക്കും. ചപ്പുചവറുകള്‍ നുള്ളിപ്പെറുക്കി വേര്‍തിരിച്ചും ഇലയും പൂവും തൂത്തുമാറ്റിയും ഈ ഇടങ്ങളെയൊക്കെ ചന്തമുള്ളതാക്കാന്‍. കാക്കിയും നീലയും പച്ചയുമിട്ട കോര്‍പറേഷന്റെ ശുചിത്വ തൊഴിലാളികളാണ് നഗരം വൃത്തിയാക്കുന്നത്. നഗരം ശുചിയായി നിലനിർത്താൻ തദ്ദേശ സ്വയംഭരണ വകുപ്പും തിരുവനന്തപുരം നഗരസഭയും നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങളാണ് ഇതിന്റെ പിന്നില്‍. ജനത്തിരക്ക് കുറയുന്ന പുലർച്ചെ രണ്ട് മണി മുതല്‍ ശുചീകരണ തൊഴിലാളികൾ സജീവമാകും. ഏഴു ദിവസങ്ങളിലായി 42 വേദികളിലായി നടക്കുന്ന കേരളീയത്തെ ഹരിത സൗഹൃദമാക്കാൻ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും രംഗത്തുണ്ട്. പൂർണമായും ഹരിതചട്ടം പാലിച്ചു നടത്തുന്ന പരിപാടിയ്ക്ക് പൂര്‍ണ സഹകരണവുമായി ഹരിതകർമ്മസേനയും രംഗത്തുണ്ട്. 

കേരളീയത്തിന്റെ ഭാഗമായുള്ള എക്സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേള തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിക്കുന്നവർ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ സമിതി നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. അതത് ദിവസങ്ങളിലെ ജൈവ മാലിന്യങ്ങൾ തരംതിരിച്ച് മാലിന്യ സംസ്‌കരണ സംവിധാനത്തിലേക്ക് മാറ്റുന്നതിന് തിരുവനന്തപുരം നഗരസഭയും സജീവമായി രംഗത്തുണ്ട്. കൂടാതെ മാലിന്യശേഖരണത്തിന്റെ ഭാഗമായി എല്ലാ വേദികളിലും വേസ്റ്റ് ബിന്നുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളീയത്തിനെത്തുവരെ വൃത്തിയോടെ സ്വീകരിക്കാന്‍ കഷ്ടപ്പെടുന്നവരെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ അഭിനന്ദിച്ചു. കേരളീയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഫോട്ടോകള്‍ ഇതിനകം വൈറലായി കഴിഞ്ഞു. പക്ഷേ തലസ്ഥാനം വൃത്തിയാക്കുന്നതിന്റെ ക്രെഡിറ്റും സല്യൂട്ടും കിട്ടിയതറിയാതെ അവരിപ്പോഴും ജോലിത്തിരക്കിലായിരിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

Eng­lish Summary:The cap­i­tal city is clean; Cred­it and salute to them
You may also like this video

Exit mobile version