കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ റോഡ് റോളറിന് പിറകില്‍ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം തിരൂരങ്ങാടി മുമ്പാറം പാരിപ്പറമ്പ് ഹൗസിലെ സി പി മെഹബൂബ്(31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മലപ്പുറം ചെമ്മാടിലെ പി കെ റിയാസി(33)നെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ മുന്നിലുണ്ടായിരുന്ന റോഡ് റോളറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാര്‍ തിരിഞ്ഞ് അമ്പത് മീറ്ററോളം മുന്നോട്ട് നീങ്ങി ഡിവൈഡറിലിടിച്ചാണ് നിന്നത്. കാറിനകത്ത് കുടുങ്ങിയ രണ്ട് പേരെയും ഏറെ പരിശ്രമിച്ചാണ് പരിസരവാസികള്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മെഹബൂബ് മരണപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ റിയാസിനെ ഉടന്‍തന്നെ പരിയാരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ദേശീയ പാത തലപ്പാടി-ചെങ്കള റീച്ചിലെ നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്ട് സഹകരണ സൊസൈറ്റിയുടേതാണ് റോഡ് റോളര്‍. മരണവിവരമറിഞ്ഞ് മെഹ്ബൂബിന്റെ ബന്ധുക്കള്‍ മലപ്പുറത്ത് നിന്ന് കാസര്‍കോട്ടെത്തി. കുഞ്ഞാലന്‍ ഹാജിയുടെയും സൈനബയുടെയും മകനാണ് മെഹ്ബൂബ്. മൂന്ന് മക്കളുണ്ട്. സഹോദരങ്ങള്‍: ഹാരിസ്, സാദിഖ്, സാലി, സാബിറ.

