ഉത്തര്‍പ്രദേശില്‍ ചരക്ക് ലോറി ജീപ്പിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. രാംപൂരിലാണ് സംഭവം. വൈക്കോൽ കയറ്റി വരുകയായിരുന്ന ലോറി ഡിവൈഡറിൽ തട്ടി ബൊലേറോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ ഫിരാസത്താണ് മരിച്ചത്. ലോറി വരുന്നത് കാണാതെ ജംങ്ഷനിൽ നിന്നും ജീപ്പ് തിരിക്കുന്നതിനിടെയാണ് ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട ലോറി ജീപ്പിന് മുകളിലേക്ക് വീണത്.
ജീപ്പ് തിരിക്കുന്നത് കണ്ട ലോറി അപകടം ഒഴിവാക്കുന്നതിന് വേണ്ടി തിരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തിരിയുന്നതിനിടെ ലോറിയുടെ ചക്രം ഡിവൈഡറിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബൊലേറോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ജീപ്പ് മുഴുവനായും തകർന്നു. അമിതമായി ചരക്ക് കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. ജെസിബിയുടെ സഹായത്താല്‍ ലോറി പൊക്കിയെടുത്ത ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

