Site iconSite icon Janayugom Online

ഓൺലൈൻ വാതുവെപ്പ് കേസ്; സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും 11.14 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടേയും ശിഖർ ധവാന്റേയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ഇരുവരുടേയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം കണ്ടുകെട്ടിയത്. നിയമവിരുദ്ധ വാതുവെപ്പ് ആപ്പായ ‘വൺ എക്‌സ് ബെറ്റുമായി’ ബന്ധപ്പെട്ട കേസിലാണ് ഇ ഡിയുടെ ഈ നടപടി. റെയ്‌നയുടെ പേരിലുള്ള 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാൻ്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണ് കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നത്. 

1xBte നെയും അതിൻ്റെ അനുബന്ധ പ്ലാറ്റ്‌ഫോമുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ സ്ഥാപനങ്ങളുമായി അറിഞ്ഞുകൊണ്ട് ഇരുവരും എൻഡോഴ്‌സ്‌മെൻ്റ് കരാറുകളിൽ ഏർപ്പെട്ടതായി ഇ ഡി കണ്ടെത്തി. അനധികൃത വാതുവെപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച ഫണ്ടിൻ്റെ ഉറവിടം മറച്ചുവെക്കുന്നതിനായി വിദേശ ഇടനിലക്കാർ വഴിയാണ് ഈ പണമിടപാടുകൾ നടത്തിയതെന്നും ഇ ഡി ആരോപിക്കുന്നു. ഈ കേസിൽ മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, നടൻ സോനു സൂദ്, നടിമാരായ ഉർവശി റൗട്ടേല, മിമി ചക്രവർത്തി, അങ്കുഷ് ഹസ്ര തുടങ്ങിയ നിരവധി പ്രമുഖരെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. 

Exit mobile version