ശ്രീനാരായണപുരം എകെജി റോഡിൽ വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പനങ്ങാട് സ്വദേശി കരീപ്പാടത്ത് അരവിന്ദാക്ഷന്റെ ഭാര്യ ജയ (60) യെയാണ് അയൽവാസിയും പ്രതിയുമായ വിജേഷ് ആക്രമിച്ചത്. ജയയെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. കഴുത്തിൽ ധരിച്ചിരുന്ന മൂന്ന് പവൻ സ്വർണമാലയാണ് പ്രതി തട്ടിയെടുത്തത്. പിടിവലിക്കിടെ മാലയുടെ ഒരു ഭാഗം പൊട്ടി നിലത്ത് വീണതും പൊലീസ് കണ്ടെത്തി. കൂടാതെ ജയയുടെ കയ്യിലുണ്ടായിരുന്ന വള പൊട്ടിക്കാൻ പ്രതി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വയറ്റിലും തോളിലുമുൾപ്പെടെ അഞ്ചിടങ്ങളിൽ കുത്തേറ്റ ജയ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന ജയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
വീട്ടമ്മയെ കുത്തി മാല തട്ടിയ കേസ്: തെളിവെടുപ്പ് നടത്തി

