Site iconSite icon Janayugom Online

കരടി കിണറ്റില്‍ വീണു ചത്ത സംഭവം: സദുദ്ദേശ്യത്തില്‍ ചെയ്ത കാര്യം ക്രിമിനൽ നടപടിയാവില്ല; ഹൈക്കോടതി

karadikaradi

തിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടി രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിച്ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ എങ്ങനെ ക്രിമിനൽ ബാധ്യത ചുമത്താനാകുമെന്ന് ഹൈക്കോടതി. കൊല്ലാൻ നിർദേശം നൽകുകയോ അത്തരമൊരു ഉദ്ദേശ്യമോ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി. നല്ല ഉദ്ദേശ്യത്തിൽ ചെയ്ത കാര്യം ക്രിമിനൽ നടപടിയാകുന്നതെങ്ങനെയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. 

കരടി ചത്ത സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനും എതിർകക്ഷികൾക്കും നോട്ടീസയച്ചു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തൃശൂരിലെ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വോക്കസി എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ 20ന് രാത്രി ഒന്നരയോടെയാണ് വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്. പിറ്റേന്ന് രക്ഷാപ്രവർത്തനത്തിനിടെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിച്ചാവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. 

കരടി കിണറ്റിൽ വീണ് മണിക്കൂറുകൾ കഴിഞ്ഞാണ് രക്ഷാ പ്രവർത്തനത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതെന്നുൾപ്പെടെയായിരുന്നു ആക്ഷേപം.
വന്യജീവി സംരക്ഷണ നിയമ പ്രകാരം മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ രേഖാമൂലമുള്ള അനുമതി വേണമെന്നിരിക്കെ ഇതില്ലാതെയാണ് ജില്ലാ ഫോറസ്റ്റ് ഓഫീസർ കരടിക്ക് മയക്കുവെടി വയ്ക്കാൻ നിർദേശം നൽകിയെന്നും ആരോപണം ഉണ്ടായിരുന്നു. 

മേനകയുടെ വാദം തെറ്റ് : വനം മന്ത്രി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനിടെ കരടി ചത്ത സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി വനം മന്ത്രി. കേരളത്തിലേത് ഏറ്റവും മോശം വനം വകുപ്പാണെന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ രക്ഷാപ്രവര്‍ത്തനം പരാജയപ്പെടുകയായിരുന്നുവെന്നും മേനക ഗാന്ധിക്ക് അയച്ച കത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. എന്നാല്‍ ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി, കേരളത്തിലെ വനം-വന്യജീവി വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മേനക ഗാന്ധി പ്രസ്താവന നടത്തിയത് അത്യന്തം ഖേദകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആന, കരടി, കടുവ, പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വന്യജീവികളെയാണ് സംസ്ഥാന വനം-വന്യജീവി വകുപ്പ് അതീവ ദുഷ്കരമായ സാഹചര്യങ്ങളിലും രക്ഷപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടയില്‍ വന്യജീവി ആക്രമണത്തില്‍ 637 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും മന്ത്രി ചൂണ്ടിക്കാട്ടി. 

വനം-വന്യജീവി സംരക്ഷണത്തിനായി സംസ്ഥാനത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ദേശീയ‑അന്തര്‍ദേശീയ തലങ്ങളില്‍ പ്രശംസ നേടിയതുള്‍പ്പെടെ മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വനം-വന്യജീവി വകുപ്പിനെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകളും വന്യജീവി സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളും നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി മേനക ഗാന്ധി കേരളത്തിലേക്ക് വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: The case of the bear falling into the well and dying: an act done in good faith is not a crim­i­nal act; High Court

You may also like this video

Exit mobile version