Site iconSite icon Janayugom Online

ഗൾഫിലെ അനാശാസ്യ കേന്ദ്രങ്ങൾ; സിബിഐ അന്വേഷണം വഴിമുട്ടി

അടിമപ്പണിക്കായി കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കുവൈറ്റിലേക്കു കടത്തിയ സ്ത്രീകളുടെ ദുരിത കഥകൾ പുറത്തു വന്നുകൊണ്ടിരിക്കെ, ഗൾഫിലെ അനാശാസ്യ കേന്ദ്രങ്ങളിൽക്കഴിയുന്ന മലയാളി യുവതികളെക്കുറിച്ചുള്ള അന്വേഷണത്തിനായി വീണ്ടും ആവശ്യമുയരുന്നു. മുമ്പ് പലവട്ടം കേരളത്തിൽ നിന്ന് ഈ ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ടെങ്കിലും കേന്ദ്രം പരിഗണിച്ചിട്ടില്ല. 2009 — 12 കാലയളവിൽ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് സജീവമായിരുന്നു. താഴെത്തട്ടിലെ ഏജന്റുമാർ തുടങ്ങി നേതൃത്വം വരെ സെക്സ് റാക്കറ്റിലുണ്ടായിരുന്നവരെല്ലാം മലയാളികളായിരുന്നു. തൃശൂർ വലപ്പാട് സ്വദേശിയായ ഒരു വ്യക്തിയും തൃശൂർ തലപ്പിള്ളി സ്വദേശിനിയായ ഒരു സ്ത്രീയുമായിരുന്നു സൂത്രധാരകർ. ഇടനിലക്കാരായും ചില സ്ത്രീകൾ പ്രവർത്തിച്ചിരുന്നു. നെടുമ്പാശേരി വഴിയുള്ള, വ്യാജ രേഖകൾ ഉപയോഗിച്ചുള്ള മനുഷ്യക്കടത്തിന് ചവിട്ടിക്കയറ്റൽ എന്നായിരുന്നു പേര്. എമിഗ്രേഷൻ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാ വിധ ഒത്താശയോടും കൂടിയായിരുന്നു റാക്കറ്റിന്റെ പ്രവർത്തനം. ഷാർജയിലെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട കഴക്കൂട്ടം സ്വദേശിനി മുംബൈ വിമാനത്താവളത്തിൽ അനധികൃത യാത്രാരേഖകളുമായി പിടിയിലായതോടെയാണ്, ഗൾഫിലെ ഇത്തരം കേന്ദ്രങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞത്. 

വീടുകളിലും ഇടത്തരം വ്യാപാര സ്ഥാപനങ്ങളിലും തൊഴിലും മോശമല്ലാത്ത വേതനവും എന്ന വാഗ്ദാനം നൽകി, വ്യാജ രേഖകളോടെ, നെടുമ്പാശേരിയിലെ എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ ഗൾഫിലെത്തിക്കുന്ന യുവതികളെ ലൈംഗികത്തൊഴിലിനായി വില്ക്കുകയായിരുന്നു റാക്കറ്റ്. ഇത്തരം ഇടങ്ങളിൽ നിന്നു രക്ഷപ്പെടാൻ നിർവാഹമില്ലാതെ കഴിയുന്ന നൂറുകണക്കിനു സ്ത്രീകളുണ്ടെന്നും രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തിയിരുന്നു. അതിനുമുമ്പ് ഇടുക്കിയിലെ കട്ടപ്പന സ്വദേശിനിയും സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ടിരുന്നു. റാക്കറ്റുമായി ബന്ധം പുലർത്തുന്ന എമിഗ്രേഷൻ വിഭാഗത്തിലെ ഒരു എസ്ഐയുടെ പേരാണ് ആദ്യം പുറത്തുവന്നതെങ്കിലും, ആദ്യം ക്രൈംബ്രാഞ്ചും തുടർന്ന് സിബിഐയും അന്വേഷിച്ച കേസിൽ പ്രതിസ്ഥാനത്തു വന്നത് രണ്ട് എസ്‌പിമാരും നാല് ഡിവൈഎസ്‌പിമാരും രണ്ട് സിഐമാരും രണ്ട് എസ്ഐമാരും കോൺസ്റ്റബിൾ മാരുമടക്കം 18 പേരാണ്. സെക്സ് റാക്കറ്റിനു നേതൃത്വം നൽകിയ സ്ത്രീയും കൂട്ടാളിയുമടക്കം ഏഴു പേരും പിടിയിലായി. ഇതിൽ അഞ്ചു പേർക്ക് 10 മുതൽ ഏഴു വർഷം വരെ കഠിന തടവും പിഴയും ശിക്ഷ ലഭിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ നിശിത വിമർശനമുണ്ടായപ്പോഴാണ് അന്നത്തെ യുഡിഎഫ് സർക്കാർ സിബിഐയെ അന്വേഷണം ഏൽപ്പിച്ചതു തന്നെ. 

ഇതോടെ ആ അദ്ധ്യായമടഞ്ഞു. അനുഭവസ്ഥരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഗൾഫിലെ അനാശാസ്യ കേന്ദ്രങ്ങളിലേക്ക് അന്വേഷണം നീണ്ടില്ല. അവിടങ്ങളിൽ കുടുങ്ങിയ മലയാളി യുവതികളെ മോചിപ്പിക്കാൻ നടപടിയുമുണ്ടായില്ല. അതിനായുള്ള മുറവിളികളെല്ലാം കേന്ദ്രം അവഗണിക്കുകയായിരുന്നു.
ഏതാണ്ട് സമാനമായ സ്ത്രീ ചൂഷണമാണ് കുവൈറ്റിലേക്ക് അടിമപ്പണിക്കായി നടത്തിയ മനുഷ്യക്കടത്തിലുമുണ്ടായിട്ടുള്ളത്. പെൺവാണിഭ കേന്ദ്രത്തിലേക്കല്ല എന്ന വ്യത്യാസം മാത്രം. രക്ഷപ്പെട്ട് നാട്ടിലെത്തിയ സ്ത്രീകളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നിരവധി പേർ അറബി ഗൃഹങ്ങളിൽ രക്ഷപ്പെടാൻ പഴുതില്ലാതെ ദുരിതമനുഭവിക്കുകയാണ്. കണ്ണൂർ സ്വദേശിയായ മുഖ്യപ്രതി ഇപ്പോഴും വിദേശത്ത് ഒളിവിൽ. ജോലിക്ക് വിദേശത്തേക്ക് ആളുകളെ അയയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ കേന്ദ്ര സർക്കാരിന്റെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ അനുമതിയില്ലാതെ ഏജൻസി നടത്തിയ രണ്ടാംപ്രതി പത്തനംതിട്ട സ്വദേശിയാണ് പിടിയിലായിട്ടുള്ളത്. 

Eng­lish Summary:The CBI inves­ti­ga­tion was thwarted
You may also like this video

Exit mobile version