ചരിത്രഗണനയുടെ കലണ്ടറിൽ ചുവപ്പ് ചാലിച്ച സെലീറ്റാ സമരത്തിന് ആലപ്പുഴയിലെ തൊഴിലാളി സംഘടനാ ചരിത്രത്തിലുള്ളത് മുഖ്യസ്ഥാനം. നിത്യഭാസുരമായ ആ സമരേതിഹാസം വിപ്ലവപ്പോരാളികളുടെ മനസിലെ സിന്ദൂരപ്പൊട്ടായി മാറിയത് ചരിത്രം. ക്രാന്തദർശിയായ തൊഴിലാളി യൂണിയൻ നേതാവ് ടി വി തോമസിന്റെ നിലപാടുകൾക്ക് മുന്നിൽ മുതലാളിമാർ മുട്ടുമടക്കിയതാണ് സമരത്തിന്റെ പ്രധാന സവിശേഷത. ഇതോടെ സെലിറ്റാ സമരം യൂണിയന്റെ ചരിത്രത്തിലെ പൊൻതൂവലായി മാറി. രണ്ടാം ലോക മഹായുദ്ധ കാലത്ത് പട്ടാളക്കാർക്ക് തണുപ്പിനെ അതിജീവിക്കാനുള്ള ഉല്പന്നമായ സെലീറ്റാ നിർമ്മിക്കുന്നതിന് വൻതോതിലുള്ള ഓർഡറാണ് ആലപ്പുഴയിലെ ആസ്പിൻവാൾ കമ്പനിക്ക് ലഭിച്ചത്. പാർട്ടി നിർദേശപ്രകാരം നേതാക്കളായ വി എസ് അച്യുതാനന്ദൻ, സി കെ കേശവൻ, എ കെ ശ്രീധരൻ എന്നിവർ ആസ്പിൻവാൾ കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. സെലീറ്റായും ടെന്റും നിർമ്മിക്കാനായി രണ്ടായിരത്തോളം തൊഴിലാളികളാണുണ്ടായിരുന്നത്. ഒട്ടേറെ സമരങ്ങളെ മുന്നിൽനിന്ന് നയിച്ച നേതാക്കളുടെ സജീവമായ ഇടപെടലിനെ തുടർന്ന് ശക്തമായ അടിത്തറയുള്ള ട്രേഡ് യൂണിയനാണ് കമ്പനിയിലുണ്ടായിരുന്നത്.
ഇതുകൂടി വായിക്കൂ: മാർക്സ് എന്ന പ്രതിഭാശാലിയുടെ ‘സെക്കൻഡ് ഫിഡിൽ’
സെലിറ്റാ നിർമ്മാണത്തിന്റെ കൂലി നിശ്ചയിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുവാൻ ടി വി തോമസ് കമ്പനിയിൽ എത്തി. എന്നാൽ നടത്തിപ്പുകാരനായ സ്മിത്തിന്റെ ധാർഷ്ട്യത്തെ വെല്ലുവിളിച്ചു കൊണ്ട് ടി വി തോമസിന് ഇറങ്ങിപ്പോകേണ്ടിവന്നു. പിന്നെ നാട് കണ്ടത് ശക്തമായ തൊഴിലാളി പ്രക്ഷോഭം. മുഴുവൻ തൊഴിലാളികളും അണിനിരന്ന പണിമുടക്കിൽ ആസ്പിൻവാൾ കമ്പനി അക്ഷരാർത്ഥത്തിൽ നിശ്ചലമായി. അസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും കുടില നീതികളാണ് മാനേജമെന്റ് നടപ്പാക്കുന്നതെന്ന് തൊഴിലാളികൾക്കറിയാമായിരുന്നു. ഇവരുടെ രാവണൻകോട്ട തകർത്തുകൊണ്ടു മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ എന്നും അവർ മനസ്സിലാക്കി. ഒരു നാടിന്റെയും ജനതയുടെയും സ്വാതന്ത്ര്യവാഞ്ഛയിലേക്ക് സമരം വളർന്നു പന്തലിക്കുകയായിരുന്നു. അചഞ്ചലരായി പണിമുടക്കിൽ അണിനിരന്ന തൊഴിലാളികളുടെ മനസ് മാറ്റാൻ കമ്പനി നടത്തിപ്പുകാരൻ സ്മിത്ത് പരമാവധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കമ്പനിയിലെ എല്ലാ വിഭാഗങ്ങളിലെയും കൺവീനർമാർ കമ്മ്യുണിസ്റ്റ് പാർട്ടി അംഗങ്ങളായതിനാൽ പണിമുടക്കിന്റെ ശക്തി പതിന്മടങ്ങായി. രാത്രി വൈകിയും മാനേജ്മെന്റ് പണിമുടക്ക് പിൻവലിക്കാൻ തൊഴിലാളികളിൽ സമ്മർദ്ദം ശക്തമാക്കി. നേരം പുലർന്നപ്പോൾ വള്ളത്തിൽ എത്തിയ ചരക്ക് ഇറക്കുവാൻ ഒരു ജീവനക്കാരൻ പോലും തയ്യാറായില്ല. തുടർന്ന് കമ്പനി നടത്തിപ്പുകാര്‍ ഇതിനായി മുന്നോട്ട് വന്നെങ്കിലും തൊഴിലാളികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അവർക്ക് പിൻവാങ്ങേണ്ടി വന്നു.
ഇതുകൂടി വായിക്കൂ: ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്
ദിക്കുകൾ ഭേദിച്ച് സംഘർഷം കൂടുതൽ ശക്തമായി. പ്രതിഷേധിച്ച തൊഴിലാളികൾ കൊത്തുവാള്‍ ചാവടി പാലം മുതൽ ആസ്പിൻവാൾ കമ്പനി പടിക്കൽ വരെ മനുഷ്യമതിൽ തീർത്തപ്പോൾ മുതലാളിമാർ ഞെട്ടി വിറച്ചു. സമരം കൈവിട്ട് പോകുമെന്ന് തിരിച്ചറിഞ്ഞ കമ്പനി അധികൃതർ തിടുക്കപ്പെട്ട് യൂണിയൻ ഓഫിസിൽ എത്തി ടി വി തോമസുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്കൊടുവിൽ ടി വി മുന്നോട്ട് വച്ച ഡിമാന്റുകൾ അവർക്ക് അംഗീകരിക്കേണ്ടി വന്നു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി മുൻകാല പ്രാബല്യത്തോടെ സെലീറ്റാ നിർമ്മാണ കൂലി വർധിപ്പിക്കാൻ ധാരണയായി. തൊഴിലാളികളുടെ ആത്മവിശ്വാസം പതിന്മടങ്ങായി വർധിപ്പിച്ച ഈ സമരം തുടർ പ്രക്ഷോഭങ്ങൾക്കുള്ള ഊർജ സ്രോതസായി മാറുന്നതാണ് നാട് കണ്ടത്.