Site iconSite icon Janayugom Online

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല; കങ്കണയുടെ ‘എമർജൻസി’ റീലിസ് നീട്ടി

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് സംവിധാനംചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ‘എമർജൻസി’ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിൽ. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് പ്രശ്നത്തിന് കാരണം. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരാതിയുടെ അടിസ്ഥാനം. ചിത്രത്തിൽ ഇന്ദിരാ​ഗാന്ധിയായാണ് കങ്കണയെത്തുന്നത്. 

അനിശ്ചിതത്വങ്ങൾ തീർത്ത് സിനിമ എത്രയും പെട്ടന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കങ്കണയും അണിയറപ്രവർത്തകരും. പത്തു ദിവസത്തിനുശേഷം ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കങ്കണയുടെ ടീം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. സെൻസർഷിപ്പ് പ്രശ്‌നങ്ങളും നടിക്കുനേരെയുണ്ടായ വധഭീഷണികളും കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്. കൂടുതൽ കാലതാമസം കൂടാതെ ചിത്രം എത്രയും വേഗം റിലീസ് ചെയ്യണമെന്നാണ് താരത്തിന്റെ ആഗ്രഹമെന്നും അവർ അറിയിച്ചു. അതേസമയം ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പിറക്കുമെന്ന് ‌കങ്കണ വ്യക്തമാക്കി. എമർജൻസി എന്നുപേരുള്ള എന്റെ ചിത്രത്തിനുമേൽ അടിയന്തരാവസ്ഥ ചുമത്തിയിരിക്കുകയാണെന്ന് കങ്കണ പ്രതികരിച്ചു . ഇതൊരു ഭീകരമായ അവസ്ഥയാണ്. നമ്മുടെ രാജ്യത്തെക്കുറിച്ചും ഇവിടെ കാര്യങ്ങൾ എങ്ങനെ വികസിക്കുന്നുവെന്നുമോർത്ത് ഞാൻ വളരെ നിരാശയിലാണെന്നും അവർ പറഞ്ഞു.

Exit mobile version