Site iconSite icon Janayugom Online

സിനിമയ്ക്ക് ‘ജാനകി’ എന്ന പേര് പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

‘ജാനകി’ എന്ന പേര് സിനിമയ്ക്ക് ഇടാന്‍ പാടില്ലെന്ന വിചിത്ര നിര്‍ദേശവുമായി സെന്‍സര്‍ ബോര്‍ഡ്. പേര് മാറ്റണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായി. ജാനകിയെന്നത് സീതയുടെ പര്യായം ആയതിനാലാണ് കഥാപാത്രത്തിന്റെ പേരുള്‍പ്പെടെ മാറ്റണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇതോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. 27 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയായി യു/എ 13+ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഒരു കട്ട് പോലുമില്ലാതെയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. പിന്നീടാണ് പേര് മാറ്റണമെന്ന നിര്‍ദേശം ലഭിച്ചത്. 

പേരിന്റെ പേരില്‍ സിനിമയുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സുരേഷ് ഗോപിയുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹം നിസഹായാവസ്ഥയാണ് പങ്കുവച്ചത്. ഇത് സെന്‍സര്‍ബോര്‍ഡ് ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണെന്ന് തോന്നുന്നില്ല. ഈ നിലയ്ക്ക് പോയാല്‍ ആവിഷ്കാര സ്വാതന്ത്ര്യം എന്ന വാക്ക് പോലും പറയാന്‍ സാധിക്കുമോയെന്ന് സംശയമാണെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നടപടിയെ നിയമപരമായി പ്രതിരോധിക്കും. തങ്ങള്‍ ഒന്നടങ്കം പ്രത്യക്ഷസമരത്തിലേക്ക് പോകും. ദൈവത്തിന്റെ പേരുള്ള ആളുകള്‍ കുറ്റം ചെയ്യില്ലെന്നും ദൈവത്തിന്റെ പേരുള്ള സ്ത്രീകള്‍ അതിക്രമത്തിന് വിധേയമാകില്ലെന്നും ഉറപ്പ് തരാന്‍ ഭരണകൂടത്തിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. 

സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. വാക്കാലുള്ള നിര്‍ദേശമാണ്. രേഖാമൂലം നല്‍കിയാല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നത് സെന്‍സര്‍ബോര്‍ഡിന് അറിയാം. സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനാണ് തീരുമാനമെടുത്തത്. സമീപകാലത്ത് വേറെയും ഇത്തരത്തിലുള്ള തീരുമാനം അദ്ദേഹമെടുത്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എം പത്മകുമാറിന്റെ സിനിമയിലെ സ്ത്രീകഥാപാത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റിയാലേ റിലീസ് അനുവദിക്കൂവെന്നാണ് പറഞ്ഞത്. തുടര്‍ന്ന് ജയന്തി എന്ന പേരു മാറ്റിയതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Exit mobile version