കാർഷിക കരിനിയമങ്ങൾ പിൻവലിക്കൽ ബിൽ ലോക് സഭയിൽ പാസാക്കിയെങ്കിലും കേന്ദ്രസർക്കാർ വീണ്ടും കർഷകരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്നു. സംയുക്ത സമരസമിതിയുടെ ആവശ്യങ്ങൾ നിരസിച്ചും കർഷകർക്കിടയിൽ ഭിന്നതയുണ്ടാക്കിയും മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഒരു വർഷത്തിലേറെയായി തുടരുന്ന പ്രതിഷേധത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകരെ സംബന്ധിച്ച് രേഖകളില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ കർഷക ആവശ്യങ്ങൾ ചർച്ചചെയ്യാൻ ചില നേതാക്കളെ മാത്രം ക്ഷണിച്ച് കർഷകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
സമരത്തിൽ എത്ര കര്‍ഷകർക്ക് ജീവൻ നഷ്ടമായെന്നതിനെക്കുറിച്ച് സർക്കാരിന്റെ പക്കൽ യാതൊരു രേഖയുമില്ലെന്നും അതിനാൽ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു. ‘കൃഷി മന്ത്രാലയത്തിന്റെ പക്കല്‍ ഇക്കാര്യത്തിൽ ഒരു രേഖയുമില്ല, അതിനാൽ മരിച്ചവർക്കുള്ള സഹായങ്ങളെ സംബന്ധിച്ച ചോദ്യമേ അപ്രസക്തമെന്നാ‘ണ് മന്ത്രി പറഞ്ഞത്. കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും സർക്കാരിന്റെ കെെയില്‍ രേഖകളില്ലെന്ന് തോമർ പറഞ്ഞു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലും കർഷകർ മരിച്ചതിന്റെ രേഖകളില്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു.
സീറോ ബജറ്റ് കൃഷി പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിള രീതികൾ മാറ്റുക, മിനിമം താങ്ങുവില നിയമം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഉണ്ടാക്കുന്ന സമിതിയില്‍ സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് അഞ്ച് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതും അപകടസൂചനയായി വിലയിരുത്തപ്പെടുന്നു. മുഴുവന്‍ കര്‍ഷകരുമായും ചര്‍ച്ച നടത്താതെ ഏതാനും പേരെ ക്ഷണിച്ചത് കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണെന്നാണ് സൂചന. സമിതിയിലേക്കുള്ള പേരുകൾ തീരുമാനിച്ചിട്ടില്ലെന്നും നാലിന് ചേരുന്ന യോഗത്തിൽ ചര്‍ച്ചചെയ്യുമെന്നും കർഷക നേതാവ് ദർശൻ പാൽ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു.
English Summary: The Center again rejected the demands of the farmers
You may like this video also