Site icon Janayugom Online

കൊച്ചി മെട്രോ രണ്ടാം ഘട്ടം; കേന്ദ്രം മൗനം തുടരുന്നു

കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിന് ഇനിയും കേന്ദ്രാനുമതിയായില്ല. രണ്ടാം ഘട്ട വികസനത്തിന് ബജറ്റിൽ വൻ തുക വാഗ്ദാനം നൽകി കേരളത്തെ കബളിപ്പിച്ച കേന്ദ്രം ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.കൊച്ചി മെട്രോയുടെ കലൂർ സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11.2 കിലോമീറ്റർ രണ്ടാം ഘട്ട വികസന പദ്ധതി വർഷങ്ങൾക്കു മുമ്പ് കേന്ദ്രത്തിനു സമർപ്പിച്ചതാണ്. 2019 ഫെബ്രുവരിയിൽ തത്വത്തിൽ അനുമതിയായെങ്കിലും പല കാരണങ്ങളാൽ തുടർ നടപടികൾ പിന്നെയും താമസിപ്പിച്ചു. 10 ലക്ഷത്തിനു മേൽ ജനവാസമുള്ള നഗരങ്ങൾക്കു മാത്രം മെട്രോ അനുവദിച്ചാൽ മതി എന്ന പുതിയ കേന്ദ്ര നയം ഉയർത്തിപ്പിടിച്ചായിരുന്നു അടുത്ത തടസ്സവാദം. 

പദ്ധതി റിപ്പോർട്ട് തിരിച്ചയച്ച്, ബദൽ മാർഗ്ഗങ്ങളുണ്ടെങ്കിൽ പരിശോധിക്കാൻ ആവശ്യപ്പെട്ടതിനാൽ, കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടമെന്നത് പുതിയ പദ്ധതിയല്ലെന്നും നിലവിലുള്ള ഘട്ടത്തിന്റെ വിപുലീകരണം മാത്രമാണെന്നും സംസ്ഥാനം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തി. കൈവശമുള്ള ട്രെയിനുകൾ തന്നെ ഇതിന് ഉപയോഗിക്കാം. സിഗ്നൽ, കമ്മ്യൂണിക്കേഷൻ തുടങ്ങി എല്ലാക്കാര്യങ്ങൾക്കും ഇപ്പോഴത്തേതിന്റെ തുടർച്ച മതി. നിലവിൽ മെട്രോയെ ബാധിച്ചിട്ടുള്ള നഷ്ടം നികത്താൻ വലിയ സഹായമായിരിക്കും കാക്കനാട് പാത എന്നും കേന്ദ്രത്തെ അറിയിച്ചു. പക്ഷേ, കേന്ദ്ര മന്ത്രിസഭയുടെ അനുമതി ഇനിയും അകലെയാണ്. 

ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ട്, മെട്രോ രണ്ടാം ഘട്ട വികസനത്തിനായി 1957 കോടി ബജറ്റിൽ പ്രഖ്യാപിച്ച് കേന്ദ്രം കയ്യടി നേടിയിരുന്നു. എന്നാൽ, പിന്നാലെ നീക്കിവച്ചതിന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നതോടെ ഗൂഢലക്ഷ്യം വ്യക്തമാവുകയും ചെയ്തു. 1957 കോടി വകയിരുത്തിയതിൽ യഥാർത്ഥ കേന്ദ്ര വിഹിതം 338.75 കോടി മാത്രമായിരുന്നു. കേന്ദ്ര ഇക്വിറ്റിയായി 16.23 ശതമാനവും നികുതിയിളവായി 3.77 ശതമാനവും ഉൾപ്പെടെയാണിത്. പ്രഖ്യാപിച്ച തുകയുടെ ബാക്കി 1618.25 കോടി കണ്ടെത്തേണ്ട ബാദ്ധ്യത സംസ്ഥാന സർക്കാരിനും. ഇങ്ങനെയെല്ലാമായിട്ടും, കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിന് ചെലവ് കുറഞ്ഞ പകരം സംവിധാനം എന്നതു തന്നെയാണ് ഇപ്പോഴും കേന്ദ്രത്തിന്റെ നിലപാടെന്നാണ് ഈയിടെ ലോക‌്സഭയിൽ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.
eng­lish sum­ma­ry; The cen­ter does not take action in Kochi Metro Phase II
you may also like this video;

Exit mobile version