സംസ്ഥാനങ്ങളുടെ ഊര്‍ജ്ജ മേഖലയില്‍ സ്വകാര്യ കടന്നു കയറ്റത്തിന് കൂടുതല്‍ അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍ വൈദ്യത മേഖലയിലെ ഹരിതോര്‍ജ്ജ ഇടനാഴി രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.
ഊര്‍ജ്ജ മേഖലയില്‍ സ്വകാര്യ കടന്നു കയറ്റത്തിന് അവസരമൊരുക്കുന്ന നിലപാടുകളും നയങ്ങളുമാണ് കാലങ്ങളായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഹരിതോര്‍ജ്ജ ഇടനാഴി എന്ന പദ്ധതി കേന്ദ്രം ആവിഷ്‌കരിച്ച് നടപ്പാക്കിയത്.
കേന്ദ്രത്തിന് മൂന്നിലൊന്നു മാത്രം മുതല്‍ മുടക്കില്‍ സംസ്ഥാന ഊര്‍ജ്ജ മേഖലയില്‍ കൈകടത്താനുള്ള പദ്ധതിയെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്ന പദ്ധതിയാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനമെടുത്തത്. പ്രത്യക്ഷത്തില്‍ ഗുണകരമെന്ന് തോന്നുന്ന പദ്ധതി അടിസ്ഥാനപരമായി സംസ്ഥാനങ്ങളുടെ ഊര്‍ജ്ജ മേഖലയിലേക്ക് കൈകടത്താനും കോര്‍പറേറ്റ് അനുകൂല തീരുമാനമെടുക്കാന്‍ ഗുണഭോക്തൃ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനും പാകത്തിലാണെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.
സൗരോര്‍ജ്ജ‑കാറ്റാടി ഊര്‍ജ്ജ ഉത്പാദനത്തിലെ അന്തര്‍ സംസ്ഥാന വൈദ്യുതി പ്രസരണത്തിനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഏകദേശം 10,750 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകളും സബ്‌സ്റ്റേഷനുകളുടെ 27,500 മെഗാ വോള്‍ട്ട് ആംപിയര്‍ പരിവര്‍ത്തന ശേഷിയും ഇതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കും. കേരളത്തിനു പുറമെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായി ഏകദേശം 20 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുടെ ഗ്രിഡ് ഏകീകരണത്തിനും ഊര്‍ജ്ജോല്‍പ്പാദനത്തിനും ഈ പദ്ധതി സഹായകരമാണ്. 12,031.33 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് 33 ശതമാനം കേന്ദ്രസഹായം ലഭിക്കുമെന്നാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെടുന്നത്.
പദ്ധതി ഒന്നാം ഘട്ടം ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടപ്പിലാക്കിയത്. 2021–22 മുതല്‍ 2025–26 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പുനരുപയോഗ ഊര്‍ജ്ജ ശേഷി 2030 ല്‍ 450 ജിഗാ വാട്ട് എന്നതിലേക്ക് ഉയര്‍ത്തുക, അന്തര്‍ സംസ്ഥാന പ്രസരണ നിരക്കുകള്‍ വെട്ടിക്കുറച്ച് ഊര്‍ജ്ജ നിരക്കുകള്‍ കുറയ്ക്കുക, കാര്‍ബണ്‍ വികിരണം കുറച്ച് പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക, ഒപ്പം ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഉന്നം വയ്ക്കുന്നതെന്നും കേന്ദ്രം അവകാശവാദം ഉന്നയിക്കുന്നു. ഫലത്തില്‍ സംസ്ഥാന ഊര്‍ജ്ജ മേഖലകളില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഇടപെടലിനാണ് പദ്ധതി അവസരം സൃഷ്ടിക്കുക.
english summary; The Center has approved the second phase of the Green Corridor
you may also like this video;