Site iconSite icon Janayugom Online

ആരോഗ്യമേഖലയെ കേന്ദ്രം കയ്യൊഴിയുന്നു

covid treatmentcovid treatment

കേന്ദ്രസർക്കാർ ആരോഗ്യമേഖലയെ കയ്യൊഴിയുന്നുവെന്നും മറ്റുള്ളവയിലേക്ക് ശ്രദ്ധ തിരിക്കുന്നുവെന്നും വ്യക്തമായ സൂചന നല്കുന്നതാണ് പൊതു ബജറ്റിലെ സൂചനയെന്ന് വിദഗ്ധർ. ഈ വർഷം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അടങ്കൽ 86,200 കോടി രൂപയാണ്. പണപ്പെരുപ്പം ഉൾപ്പെടെ പരിഗണിച്ചാൽ കഴിഞ്ഞ വർഷത്തെ ബജറ്റിൽ (പുതുക്കിയ എസ്റ്റിമേറ്റ്) വകയിരുത്തിയതിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവാണിതെന്ന് ഒ പി ജിൻഡാൽ സർവകലാശാലയിലെ ആരോഗ്യ‑സാമ്പത്തിക വിദഗ്ധൻ ഇന്ദ്രനീൽ മുഖോപാധ്യായ പറഞ്ഞു.

രാജ്യം ഇപ്പോൾ കോവിഡിന് ശേഷമുള്ള ഘട്ടത്തിലായതിനാൽ സാമ്പത്തിക വികസനത്തിലേക്ക് വിഭവങ്ങൾ വഴിതിരിച്ചുവിടാൻ സർക്കാർ ആഗ്രഹിക്കുന്നതായി തോന്നുന്നുവെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനും (ഐസിഎംആർ) കൂടുതൽ തുക ലഭിച്ചില്ല. 2021–22 ലെ പുതുക്കിയ എസ്റ്റിമേറ്റ് ആയ 2,133.07 കോടിയെക്കാൾ 150 കോടി രൂപ കുറവാണ് ഐസിഎംആറിനുള്ള വിഹിതം. 

പിഎം ആത്മ നിർഭർ സ്വസ്ഥ് ഭാരത് യോജന’ കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിക്കുമ്പോൾ 64,180 കോടി രൂപയായിരുന്നു അടങ്കൽ. പ്രാഥമിക, ദ്വിതീയ, തൃതീയ ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്തി പുതിയ രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ളതായിരുന്നു പദ്ധതി. ബജറ്റിൽ 4,000 കോടി രൂപ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ‘ഒറ്റനോട്ടത്തിൽ വിഹിതം കുറവായി തോന്നുന്നില്ല. എന്നാൽ ആറ് വർഷത്തിനിടെ 64,000 രൂപയിലധികം ചെലവഴിക്കേണ്ടിവരുന്നത് പരിഗണിക്കുമ്പോൾ അനുവദിച്ച തുക അപര്യാപ്തമാണ്’ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. 

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ വിഹിതം ധനമന്ത്രാലയം നേരിയ തോതിൽ വർധിപ്പിച്ചു. നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെയും നാഷണൽ അർബൻ ഹെൽത്ത് മിഷന്റെയും പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം 34,447.14 കോടി രൂപ ലഭിച്ച സ്ഥാനത്ത് ഈ വർഷം 37,000 കോടിയാണ് അനുവദിച്ചത്.
ജിഡിപിയുടെ 2.1 ശതമാനം ആരോഗ്യത്തിനായി ചെലവഴിക്കുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചുവെന്നാണ് സർക്കാർ അവകാശവാദം. അനുവദിച്ച തുക ആരോഗ്യ മന്ത്രാലയത്തിന്റേതു മാത്രമല്ല, ജല‑ശുചീകരണ മന്ത്രാലയങ്ങളുടെ ബജറ്റും ഉൾപ്പെടുത്തിയുള്ളതാണെന്നും ദേശീയ ആരോഗ്യ നയം 2017 അനുസരിച്ച് ജിഡിപിയുടെ 2.5 ശതമാനം ആരോഗ്യത്തിനായി ചെലവഴിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിനായി 5,000 കോടി മാത്രം വകയിരുത്തിയതിനാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ ജനങ്ങള്‍ പണംകൊടുത്ത് വാങ്ങേണ്ടി വരുമെന്നും വിദഗ്ധർ പറഞ്ഞു. 

ENGLISH SUMMARY:The Cen­ter is aban­don­ing the health sector
You may also like this video

Exit mobile version