Site iconSite icon Janayugom Online

കോർപറേറ്റുകൾക്ക് വേണ്ടി വന്യജീവി നിയമങ്ങളിൽ കേന്ദ്രം വെള്ളംചേർക്കുന്നു

രാജ്യത്തെ വന്യജീവി സംരക്ഷണ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള മോഡി സർക്കാരിന്റെ ശ്രമത്തെ വിമർശിച്ച് പാർലമെന്ററി സമിതി. പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ വ്യാവസായിക പദ്ധതികൾക്ക് അനുമതി നല്കുന്നതിനാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.
സംസ്ഥാന തലത്തിൽ വന്യജീവി ക്ലിയറൻസുകൾക്കായി രൂപീകരിച്ച സമിതികളിൽ വിദഗ്ധ അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെങ്കിൽ അവ വെറും നോക്കുകുത്തികളാകും. ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഭാഗങ്ങളിലെ മൂന്ന് അംഗങ്ങളെയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടറെയും ഉൾപ്പെടുത്തണമെന്ന് പാനൽ ശുപാർശ ചെയ്തു. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിൽ മൂന്നിലൊന്ന് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തണം. 2021ലെ അവലോകനത്തിൽ സംസ്ഥാനതല പാനലുകൾ സർക്കാർ നോമിനികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി. താല്പര്യമുള്ള പദ്ധതികളുടെ വേഗത്തിലുള്ള ക്ലിയറൻസുകൾക്കുള്ള റബ്ബർ സ്റ്റാമ്പായി ഇവ മാറുമെന്ന് മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള പാനൽ ആശങ്ക പ്രകടിപ്പിച്ചു. 

1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് സംസ്ഥാനതല വന്യജീവി ബോർഡുകളുടെ സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന നിർദേശം പാലിക്കപ്പെട്ടിട്ടില്ല. മോഡി സർക്കാർ അധികാരത്തിലെത്തിയ 2014ന് ശേഷം ദേശീയ വന്യജീവി ബോർഡ് ഒരു തവണ പോലും യോഗം ചേർന്നിട്ടില്ല. വ്യവസ്ഥകൾ അനുസരിച്ച്, കേന്ദ്രതല ബോർഡ് വർഷത്തിൽ രണ്ടുതവണയെങ്കിലും നിർബന്ധമായും യോഗം ചേരണം. പ്രകൃതിദുരന്തങ്ങൾ പോലുള്ള അസാധാരണ സാഹചര്യങ്ങളിലൊഴികെ, സംരക്ഷിത പ്രദേശങ്ങളിൽ ജെസിബി പോലുള്ള ഉപകരണങ്ങളുടെ ഉപയോഗം നിരോധിക്കാൻ സമിതി നിർദേശിച്ചിട്ടുണ്ട്. പഴയ നിയമത്തിൽ നിന്ന് സംരക്ഷിത സസ്യങ്ങളുടെയും മൃഗങ്ങളുടെയും പട്ടികയുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തെയും സമിതി വിമർശിച്ചു. 

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര കൺവെൻഷൻ (സിഐടിഇഎസ്) പട്ടികപ്പെടുത്തിയ മാതൃകയില്‍ ഒരു പുതിയ ഷെഡ്യൂൾ ബില്ലിൽ ഉൾപ്പെടുത്തണം. നിരവധി പരിസ്ഥിതി സംഘടനകൾ സിഐടിഇഎസ് വ്യവസ്ഥകൾ നടപ്പിലാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. സിഐടിഇഎസ് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി, 2002‑ലെ ജൈവ വൈവിധ്യ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള പാനൽ ശുപാർശ ചെയ്തു. വന്യജീവികളാൽ സമ്പന്നമായ പ്രദേശങ്ങൾ പട്ടികവിഭാഗങ്ങളുടെ മാത്രമല്ല, ധാതുക്കൾ ഉൾപ്പെടെ അപൂർവവും അമൂല്യവുമായ പ്രകൃതിവിഭവങ്ങളാലും സമ്പന്നമാണ്. സർക്കാരിൽ അധികാരം കേന്ദ്രീകരിക്കുക വഴി കോർപറേറ്റുകൾക്ക് ധാതുക്കൾ എളുപ്പത്തിൽ ചൂഷണം ചെയ്യാനാണ് കേന്ദ്ര സർക്കാർ വഴിയൊരുക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.

Eng­lish Summary:The cen­ter is water­ing down wildlife laws for corporates
You may also like this video

Exit mobile version