Site icon Janayugom Online

പെട്രോളിയം വില കൂട്ടിയ കേന്ദ്രം തന്നെ കുറയ്ക്കണം

petroleum products

പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണമില്ലാതെ ഉയർത്തിയ കേന്ദ്രസർക്കാർ തന്നെ അതേരീതിയിൽ വില കുറയ്ക്കാൻ തയ്യാറാകണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. അധിക സെസുകൾ ഏർപ്പെടുത്തി 30 രൂപയോളം വർധിപ്പിച്ചശേഷം പത്തും അഞ്ചും രൂപ വീതം കേന്ദ്ര സർക്കാർ കുറച്ചു. അതിന് ആനുപാതികമായി കേരളവും കുറവു വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നാല് പ്രാവശ്യം നാമമാത്ര കുറവുവരുത്തിയെങ്കിലും 13 തവണയാണ് നികുതി വർധിപ്പിച്ചത്. 2011 ൽ നികുതി 24.75 ശതമാനം ആയിരുന്നത് ഉമ്മൻചാണ്ടി ഇറങ്ങുമ്പോൾ 31.8 ആയി. 2016 ൽ വന്ന ഒന്നാം പിണറായി സർക്കാർ നികുതി വർധിപ്പിച്ചില്ലെന്നു മാത്രമല്ല 2018 ൽ ഡീസലിനും പെട്രോളിനും 30.08–22.76 ശതമാനമായി കുറച്ചു. 1,500 കോടിയുടെ നഷ്ടമുണ്ടായി. കോവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി നികുതി കൂട്ടി. കേരളത്തിൽ മാത്രം അതുണ്ടായില്ല. അഞ്ച് രൂപ വരെ കോവിഡ് സെസ് ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ട്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നാല് ശതമാനം വർധിപ്പിച്ചു. കേന്ദ്ര നിലപാടിനെതിരെ ഒന്നിച്ച് നിൽക്കേണ്ട സമയത്ത് അവരെ സഹായിക്കുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കരുതെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു.

ഏറ്റവും മികച്ച വികസന‑ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. 60 ലക്ഷത്തോളം പേർക്ക് പെൻഷൻ, സൗജന്യ റേഷൻ, ഭക്ഷ്യകിറ്റ്, അടിസ്ഥാന വികസന മേഖലയിൽ സമാനതകളില്ലാത്ത കുതിപ്പ് തുടങ്ങി കേരളം കൈവരിച്ച നേട്ടങ്ങളെല്ലാം ഇല്ലാതാക്കാൻ കേരളത്തിന് ലഭിച്ചുവരുന്ന വരുമാനം കുറയ്ക്കുകയാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രത്തിന്റെ ലക്ഷ്യം. അവർക്കൊപ്പം നിന്ന് കേരളത്തിന് ലഭിച്ചുവരുന്ന വരുമാനംകൂടി നഷ്ടപ്പെടുത്താനുള്ള ശ്രമത്തിനു വേണ്ടിയാണ് പ്രതിപക്ഷം ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യം ഉയർത്തുന്നത്.

നികുതി ഇനത്തിൽ കേരളത്തിന് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു രൂപപോലും പാഴാക്കാതെ ജനക്ഷേമത്തിനായി ചെലവഴിക്കുന്നുണ്ട്. കേരളം മുമ്പു കണ്ടിട്ടില്ലാത്ത ദുരന്തങ്ങൾ അഭിമുഖീകരിച്ച ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേർത്തുപിടിച്ച മറ്റൊരു സർക്കാർ രാജ്യത്തുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഭരണ മികവിനുള്ള ഒന്നാം സ്ഥാനം കേരളത്തിന് നേടാനായത്. ഇന്ധനവിലയുമായി ബന്ധപ്പെട്ട കാര്യകാരണങ്ങൾ ധനമന്ത്രി അക്കമിട്ട് നിരത്തി. കെ ബാബു അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് നിയമസഭയുടെ നടത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സഭാനടപടികൾ ബഹിഷ്കരിച്ചു.

Eng­lish Sum­ma­ry: The Cen­ter itself should reduce the prices of petro­le­um products

You may like this video also

Exit mobile version