സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്ഇസിഐ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാമേശ്വര്‍ പ്രസാദ് ഗുപ്തയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. അടുത്തിടെയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് നടപടി.
പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് വിരമിച്ച രാമേശ്വര്‍ ഗുപ്തയെ 2023 ജൂണിലാണ് എസ്ഇസിഐ ചെയര്‍മാനായി നിയമിച്ചത്. നിതി ആയോഗിലും കല്‍ക്കരി മന്ത്രാലയത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീടാണ് പുനരുപയോഗ ഊര്‍ജ മേഖലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ എസ്ഇസിഐയില്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷം കൈക്കൂലി ആരോപണത്തില്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അഡാനിക്കെതിരെ യുഎസില്‍ കുറ്റം ചുമത്തിയതോടെയാണ് എസ്ഇസിഐ വെട്ടിലായത്. അഡാനി ഗ്രീന്‍ എനര്‍ജി സിഇഒ സാഗര്‍ അഡാനി ഉള്‍പ്പെടെ കുറ്റാരോപിതരായ വ്യക്തികളുമായി എസ്ഇസിഐ ആഭ്യന്തര രേഖകള്‍ പങ്കിട്ടെന്നും ആക്ഷേപമുണ്ട്.

