Site iconSite icon Janayugom Online

കേന്ദ്ര വക്കാലത്തും തുണച്ചില്ല; കൂപ്പുകുത്തി സ്വകാര്യ ടെലികോം മേഖല

സ്വകാര്യ ടെലികോം കമ്പനികൾക്ക് രക്ഷാകവചമൊരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രത്തെ തകിടം മറിച്ച് വരിക്കാരുടെ എണ്ണം കുത്തനെ കീഴോട്ടെന്ന് കണക്കുകൾ. സ്വകാര്യ കമ്പനികൾ മൊബൈൽ നിരക്കുകളിൽ വൻ വർധന വരുത്തിയപ്പോൾ അതിനെ ന്യായീകരിക്കാനുള്ള മുഴുവൻ ബാധ്യതയും ഏറ്റെടുത്ത കേന്ദ്ര സർക്കാർ ഇതോടെ പരിഹാസ്യരായി. റിലയൻസ്, ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ കഴിഞ്ഞ ജൂലൈയിലാണ് മൊബൈൽ നിരക്കുകൾ ഏകപക്ഷീയമായി കുത്തനെ കൂട്ടിയത്. ഇതിനെതിരെ വ്യാപകമായ എതിർപ്പ് ഉയർന്നപ്പോൾ നിരക്ക് വർധനയെ ന്യായീകരിക്കാനുള്ള വക്കാലത്ത് സ്വയമേറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു ടെലികോം മന്ത്രാലയം. തങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്രം ഏറ്റെടുത്തതിനാൽ ടെലികോം കമ്പനികൾക്ക് അക്കാര്യത്തിൽ ആയാസപ്പെടേണ്ടി വന്നതുമില്ല. 

താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള മൂന്ന് മാസത്തിനിടെ രാജ്യത്താകെ സ്വകാര്യ കമ്പനികളിൽ നിന്ന് വരിക്കാർ വൻതോതിൽ കൊഴിഞ്ഞു പോയതായ കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജിയോയെ 1.2 കോടി വരിക്കാരും എയർടെല്ലിനെ 55.38 ലക്ഷം പേരും വോഡഫോണിനെ 48.42 ലക്ഷം ഉപഭോക്താക്കളും കയ്യൊഴിഞ്ഞതായാണ് കണക്കുകൾ. അതേസമയം, ബിഎസ്എൻഎല്ലിലേക്ക് 63 ലക്ഷം പുതിയ വരിക്കാർ എത്തുകയും ചെയ്തു. കേരളത്തിൽ മാത്രം ബി എസ് എൻ എല്ലിന് 1.18 ലക്ഷം പുതിയ വരിക്കാരെ കിട്ടിയതായും കണക്കുകൾ വ്യക്തമാക്കുന്നു. വലിയൊരു വിഭാഗം മൊബൈൽ വരിക്കാർ ടെലികോം മന്ത്രാലയത്തിന്റെ ന്യായങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

സ്വകാര്യ കമ്പനികൾ മെച്ചപ്പെട്ട സേവനമാണ് നൽകുന്നതെന്ന സർട്ടിഫിക്കറ്റ് സമ്മാനിക്കാനും കേന്ദ്രം മറന്നില്ല. കമ്പനികൾ ടെലികോം അതോറിട്ടിയുടെ (ട്രായ് ) നിയന്ത്രണത്തില്‍ നിന്നുകൊണ്ടാണ് നിരക്ക് നിശ്ചയിക്കുന്നതെന്ന അവകാശ വാദവും കേന്ദ്രത്തിന് തിരിച്ചടിയായി, തോന്നും പടി നിരക്ക് വർധിപ്പിക്കാൻ ട്രായ് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ഇതോടെ ശക്തമായി. സ്വകാര്യ ടെലികോം കമ്പനികൾ നടത്തുന്ന പകൽക്കൊള്ളയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടതിനു പകരം, അവരെ വെള്ളപൂശാനുള്ള കേന്ദത്തിന്റെ തന്ത്രപ്പാട് വലിയ പ്രതിഷേധം വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. സ്വകാര്യ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങി, രാജ്യത്തെവിടെയും അവർക്ക് തോന്നുന്ന സ്ഥലത്ത്, സ്ഥലമുടമയുടെ അനുവാദമില്ലാതെ ടവറുകൾ സ്ഥാപിക്കാൻ അനുവാദം നൽകാനുള്ള കേന്ദ്ര നീക്കവും ആക്ഷേപത്തിനിടയാക്കിയിരുന്നു. 

Exit mobile version