Site icon Janayugom Online

കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും കൂട്ടി

പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവിനൊപ്പം മണ്ണെണ്ണയുടെ വില വീണ്ടും കേന്ദ്ര സർക്കാർ കൂട്ടി. 14 രൂപയുടെ വർധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉണ്ടായത്. മണ്ണെണ്ണ ഒരു ലിറ്ററിന് 88 ല്‍ നിന്ന് 102 രൂപയായി ഉയര്‍ന്നു.

മേയ് മാസത്തില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണില്‍ നാല് രൂപ വർധിച്ച് 88 രൂപയായി. ഇതാണ് ഈ മാസം ഒന്നു മുതല്‍ വീണ്ടും വര്‍ധിപ്പിച്ചത്. അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമ്മിഷൻ, സിജിഎസ്‌ടി, എസ്ജിഎസ്‌ടി എന്നിവ കൂടി ചേർത്താണ് റേഷൻകടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ജൂൺ മാസത്തില്‍ കേന്ദ്ര സർക്കാർ വില വർധിപ്പിച്ചെങ്കിലും സംസ്ഥാനത്ത് വര്‍ധന നടപ്പിലാക്കിയിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിർദേശം പൊതുവിതരണ വകുപ്പ് കമ്മിഷണർക്ക് നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: The cen­tral gov­ern­ment has again increased the price of kerosene

You may like this video also

Exit mobile version