Site icon Janayugom Online

പ്രതിരോധ മേധാവി നിയമനം മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍

defence

ഇന്ത്യൻ സായുധ സേനയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) തസ്തികയിലേക്കുള്ള നിയമനത്തില്‍ വലിയ മാറ്റങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിയമനത്തിന് അര്‍ഹത ലഭിക്കുന്ന വിധമുള്ള പുതിയ മാർഗനിർദേശങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി.
പുതിയ ചട്ടങ്ങള്‍ പ്രകാരം ലഫ്റ്റനന്റ് ജനറലിനെയോ നാവിക‑വ്യോമ സേനകളിലെ തത്തുല്യമായ റാങ്കിലുള്ള ഉദ്യോഗസ്ഥനെയോ സിഡിഎസ് പദവിയിലേക്ക് നിയമിക്കാനാകും. ഏറ്റവും ഉയർന്ന രണ്ടാമത്തെ റാങ്കുകാരായ ഈ ഉദ്യോഗസ്ഥർക്ക് സേനാ മേധാവികളെ മറികടന്നായിരിക്കും നിയമനം ലഭിക്കുക. 62 വയസ് പ്രായപരിധി ഉണ്ടെങ്കിലും അടുത്തിടെ വിരമിച്ച സേനാമേധാവികളും ഉപമേധാവികളും സിഡിഎസ് തസ്തികയിലേക്ക് യോഗ്യരായിരിക്കും എന്നതാണ് മറ്റൊരു പ്രധാന മാറ്റം. 

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും കഴിഞ്ഞ വർഷം ഡിസംബറിൽ തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം പ്രതിരോധ മേധാവിയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ബിപിൻ റാവത്ത് കരസേനാ മേധാവിയായി വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥാനം ഏറ്റെടുത്തത്. അതിനാല്‍ സീനിയോറിട്ടിയുടെ പ്രശ്നം ഉണ്ടായിരുന്നില്ല.
നിലവില്‍ കരസേനാ മേധാവിയായ ജനറല്‍ എം എം നരവനെയാണ് സിഡിഎസ് സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.
എന്നാല്‍ പുതിയ മാറ്റങ്ങളോടെ അദ്ദേഹത്തെ മറികടന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ ഈ തസ്തികയിലേക്ക് എത്താനുള്ള വഴിയൊരുങ്ങിയിട്ടുണ്ട്. 

Eng­lish Sum­ma­ry: The Cen­tral Gov­ern­ment has changed the appoint­ment of the Chief of Defense Staff

You may like this video also

Exit mobile version