സെൻട്രൽ വിജിലൻസ് കമ്മിഷനെ മോഡി സർക്കാർ നോക്കുകുത്തിയാക്കി. 2020 മുതൽ അംഗങ്ങളെ നിയമിക്കാത്തതിനാൽ മാസങ്ങളായി ഏകാംഗ കമ്മിഷനായി തുടരുന്നു. മാസങ്ങളായി രണ്ട് അംഗങ്ങളുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. സെൻട്രൽ വിജിലൻസ് ആക്ട് വ്യവസ്ഥകൾ അനുസരിച്ച് മൂന്ന് അംഗങ്ങളുണ്ടായിരിക്കേണ്ട സിവിസി യിൽ 2021 ജൂൺ മുതൽ ഒരു കമ്മിഷണർ മാത്രമാണുള്ളത്. സഞ്ജയ് കോത്താരി, സുരേഷ് എൻ പട്ടേൽ, ശരദ് കുമാർ എന്നിവരെയായിരുന്നു 2020 ഏപ്രിലിൽ നിയമിച്ചത്. ശരദ് കുമാർ ഒക്ടോബർ 10 ന് വിരമിച്ചു. ഇതോടെ വിജിലൻസ് കമ്മിഷണറുടെ ഒരു തസ്തിക ഒഴിഞ്ഞുകിടന്നു.
2021 ജൂണിൽ, കോത്താരിയും വിരമിച്ചു. അവശേഷിക്കുന്ന സുരേഷ് എൻ പട്ടേലിനെ കേന്ദ്ര വിജിലൻസ് കമ്മിഷണറായി നിയമിച്ചെങ്കിലും രണ്ട് അംഗങ്ങളുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. വിജിലൻസ് മേഖലയിലെ കേന്ദ്ര സർക്കാർ ഏജൻസികൾക്ക് ഉപദേശവും മാർഗനിർദേശവും നൽകാനും ശുപാർശ ചെയ്യാനുമായാണ് 1964 ൽ സിവിസി രൂപീകരിച്ചത്. 1998 ൽ ഇത് ഒരു നിയമപരമായ സംവിധാനമായി നിജപ്പെടുത്തി. പ്രവർത്തനത്തിന് കൂടുതൽ വ്യക്തത നൽകുന്നതിനായി 2003 ൽ സെൻട്രൽ വിജിലൻസ് കമ്മിഷൻ നിയമം പാസാക്കി.
നിയമ പ്രകാരം ഒരു സെൻട്രൽ വിജിലൻസ് കമ്മിഷണറും രണ്ട് കമ്മിഷണർമാരും ഉണ്ടായിരിക്കണം. നാല് വർഷത്തേക്ക് അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയാണ് സേവന കാലാവധി. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഒരു സമിതിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് നിയമനങ്ങൾ നടത്തുന്നത്.
english summary; The Central Vigilance Commission has not appointed members after 2020
you may also like this video;