Site iconSite icon Janayugom Online

ആള്‍ക്കൂട്ട കൊ ലപാതകം റിപ്പോര്‍ട്ട് ചെയ്ത ചാനലിന് പണികിട്ടി

ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് റിപ്പോര്‍ട്ട് ചെയ്ത യൂട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകനായ സദഫ് കമ്രാൻ നടത്തിവരുന്ന ഹിന്ദുസ്ഥാനി മീഡിയ എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ചാനലിനുള്ളത്. 

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 196 പ്രകാരം ചാനലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം പൊലീസിനോട് പറഞ്ഞ കാര്യങ്ങളാണ് താൻ റിപ്പോര്‍ട്ട് ചെയ്തതെന്നും, പൊലീസ് നടപടി ഞെട്ടിച്ചുവെന്നും സദഫ് കമ്രാൻ പറ‍ഞ്ഞു. ഒരു സുഹൃത്ത് മുഖേനയാണ് ചാനലിനെതിരെ കേസെടുത്ത വിവരം പോലും അറിഞ്ഞതെന്നും പൊലീസ് ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും കമ്രാൻ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷാംലി ജില്ലയിലെ ജലാലാബാദ് നഗരത്തിൽ മോഷണം ആരോപിച്ച് ഫിറോസ് ഖുറേഷി എന്ന സ്ക്രാപ്പ് തൊഴിലാളിയെ അടിച്ചുകൊന്നത്. തുടര്‍ന്ന് കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുക്കാൻ പോലും തയ്യാറായത്. എന്നാല്‍ യുവാവ് കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിലല്ലെന്നാണ് പൊലീസ് പറയുന്നത്. 

കഴിഞ്ഞ ദിവസം യുവാവിനെ കൊലപ്പെടുത്തിയതിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച രണ്ടു മാധ്യമപ്രവർത്തകരടക്കം അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മോഡി മൂന്നാം തവണയും അധികാരത്തിൽ വന്ന ശേഷം മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ആരോപണം. 

അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തി. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ക്രിമിനൽ നിയമങ്ങള്‍ ദുരുപയോഗ ചെയ്യപ്പെടുകയാണെന്നും സംഘടന വ്യക്തമാക്കി. 

Eng­lish Sum­ma­ry: The chan­nel that report­ed the mob kil ling got the job

You may also like this video

Exit mobile version