പാകിസ്ഥാന് സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയതിന് പിന്നാലെ രാജ്യദ്രോഹപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് പാക് വാര്‍ത്താ ചാനലിന്റെ സംപ്രേഷണം വിലക്കി. ചാനല്‍ ചര്‍ച്ചയ്ക്കിടെ വിവാദ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് എആര്‍വൈ ന്യൂസിനാണ് പാക് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അംഗമായ ഷഹബാസ് ജിലിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. സൈന്യത്തെ ഇമ്രാന്‍ ഖാനെതിരെ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സൈന്യത്തിലെ ഭൂരിഭാഗവും ഇമ്രാന്‍ ഖാനെയാണ് പിന്തുണയ്ക്കുന്നതെന്നുമാണ് ജില്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
എആര്‍വൈ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ പ്രസിഡന്റും സിഇഒയുമായ സല്‍മാന്‍ ഇഖ്ബാല്‍, വാര്‍ത്താവതാരകരായ അര്‍ഷാദ് ഷരീഫ്, ഖവാര്‍ ഗുമാന്‍ എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍ ചുമത്തിയിട്ടുണ്ട്.
ഇതിനിടെ ചാനലിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അമ്മദ് യൂസഫിനെ അറസ്റ്റ് ചെയ്തു. കറാച്ചിയിലെ ഡിഎച്ച്എ ഏരിയയിലെ വസതിയില്‍ നിന്ന് വാറണ്ടില്ലാതെയാണ് യൂസഫിനെ അറസ്റ്റ് ചെയ്തതെന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി തികച്ചും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്ഷേപകരവും വിദ്വേഷവും രാജ്യദ്രോഹവുമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് ചാനലിനെ എയര്‍ ഓഫ് ചെയ്തതെന്ന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെയും സൈന്യത്തെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുക, കലാപത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നടപടി.
പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മിഷന്‍ എആര്‍വൈ ന്യൂസിനെതിരെ സ്വീകരിച്ച നടപടികളെ എതിര്‍ത്തു. അടുത്തിടെ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ 157ാമത് സ്ഥാനമായിരുന്നു പാകിസ്ഥാന്.
English Summary: The channel was shut down on charges of sedition
You may like this video also