പോട്ട ജംഗ്ഷനിൽ സിഗ്നൽ തെറ്റിച്ച മിനി ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ലോറി കത്തിയത് രാസവസ്തു ഉള്ളതിനാല്‍. ഡ്രൈവർ പരിക്കേറ്റ് ആശുപത്രിയിൽ പോയത് വാഹനത്തിനുള്ളിൽ എന്താണ് എന്നുള്ളത് അറിയാൻ വൈകിയതും ആശയക്കുഴപ്പമുണ്ടാക്കി. ഇന്നലെ രാവിലെ ഏഴരയോടെയാണ് സിഗ്നൽ തെറ്റിച്ച് രാസവസ്തുവുമായി വന്ന മിനി ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിക്കുകയും ലോറിക്ക് തീപിടിയ്ക്കുകയും ചെയ്തത്. അപകടത്തില്‍ ചാലക്കുടി വിആർ പുരം സ്വദേശി ഞാറക്കൽ വീട്ടിൽ അശോകന്റെ മകൻ അനീഷ് ആണ് മരിച്ചത്.
മിനി ലോറി ബൈക്കിൽ ഇടിച്ചതിനുശേഷം ഏകദേശം 100 മീറ്ററോളം വാഹനത്തിനടിയിൽ കുടുങ്ങി മുന്നോട്ടു നീങ്ങിയിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്ക് ലീക്ക് ആയതും റോഡിലൂടെ ഉരഞ്ഞുണ്ടായ സ്പാർക്കുമാണ് അഗ്നിബാധക്ക് കാരണം. തുടര്‍ന്ന് മിനിലോറിയിൽ ഉണ്ടായിരുന്ന രാസവസ്തുവിലേക്ക് തീ പടരുകയും ലോറി പൂര്‍ണ്ണമായും അഗ്നിക്കിരയാവുകയുമായിരുന്നു. സംഭവം അറിഞ്ഞ് ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ രണ്ട് യൂണിറ്റ് ഫയര്‍എഞ്ചിന്‍ എത്തിച്ചാണ് തീ അണച്ചത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ലോറിക്കുള്ളില്‍ എന്താണെന്ന് അറിയാത്തത് ആശയകുഴപ്പമുണ്ടാക്കി. മിനി ലോറി കത്തിയുണ്ടായ പുകയേ തുടര്‍ന്ന് വാഹനത്തോട് ചേർന്ന് നിന്നവർക്ക് ശ്വാസ തടസവും, രൂക്ഷഗന്ധവും അനുഭവപ്പെട്ടിരുന്നു. തീയണക്കാൻ വെള്ളം പമ്പ് ചെയ്തതിനാൽ രാസവസ്തു റോഡിലേക്ക് ഒഴുകിയിരുന്നു.