ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. വേനലവധിക്കു ശേഷം ഇക്കാര്യം ആലോചിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡെ ആണ് മുന്നൂറ്റി എഴുപതാം അനുച്ഛേദം ഭേദഗതി ചെയ്തതിനെതിരായ ഹർജികൾ ഇതുവരെ പരിഗണന പട്ടികയിൽ ഉൾപ്പടുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി മുൻപാകെ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്.
മണ്ഡല പുനർനിർണ്ണയം നടക്കുകയാണെന്നും ശേഖർ നാഫ്ഡെ കോടതിയെ അറിയിച്ചു. തുടർന്ന് കേസിന്റെ വിശദാംശങ്ങൾ നല്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അഞ്ചംഗ ബെഞ്ച് കേൾക്കേണ്ട വിഷയമാണിത്. വേനൽ അവധിക്കു ശേഷം ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴംഗ ബെഞ്ച് കേസ് കേൾക്കണം എന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ ഉൾപ്പെടെ 20 ഹർജികളാണ് കോടതിയിൽ ഉള്ളത്. ചീഫ് ജസ്റ്റിസ് എൻ വി രമണ ആഗസ്റ്റിൽ വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസ് യു യു ലളിതിനും രണ്ടു മാസത്തെ കാലാവധിയേ ഉള്ളു. അതിനാൽ ഹർജികളിൽ അവസാന തീരുമാനം വരാൻ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാം. അതിനു മുമ്പ് തെരഞ്ഞെടുപ്പിനുള്ള നടപടിയിലേക്ക് കേന്ദ്രം കടന്നേക്കും.
English summary;The Chief Justice said a five-member bench would be constituted to consider the petitions special status of jammu and kashmir
You may also like this video;