Site iconSite icon Janayugom Online

പത്തനംതിട്ടയില്‍ പുതിയതായി നിര്‍മ്മിച്ച വനിതാ പൊലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ലാ പൊലീസിന് അഭിമാനമായി പുതുതായി നിർമിച്ച വനിതാ പൊലീസ് സ്റ്റേഷനും ജില്ലാ പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ മറ്റ് പൊലീസ് നിർമിതികൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഇവയുടെയും ഉദ്‌ഘാടനം ഓൺലൈനായി നിർവഹിച്ചു. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു ഇരുകെട്ടിടങ്ങളുടെയും നിർമാണച്ചുമതല. ജില്ലയിലെ ഏക വനിതാ പൊലീസ് സ്റ്റേഷന്റെ അധികാരപരിധി ജില്ല മുഴുവനുമാണ്. 2020ൽ രൂപീകൃതമായത്‌ മുതൽ വാടകക്കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. പ്രത്യേക ലോക്ക് അപ്പ്‌ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പുതിയ സ്റ്റേഷനിലുണ്ട്.

ജില്ലയിലെ പൊലീസിന്റെ സേവനം പൂർണാർത്ഥത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുന്നതിന്റെ തെളിവാണ് പുതിയ കെട്ടിടങ്ങളെന്ന്‌ ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷയായ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. നിർമാണത്തിലിരിക്കുന്ന പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളാണ് മൂഴിയാറിലെയും പെരുനാട്ടിലെയും. മൂഴിയാർ സ്റ്റേഷനിലെ ആകെ നിർമാണ ചെലവ് 1.54 കോടിയാണ്. സ്റ്റേറ്റ് പ്ലാൻ സ്കീമിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്. മൂന്ന് നിലയിലുള്ള പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത് 2022 മേയ് 23നാണ്. നിലവിൽ 55 ശതമാനത്തോളം നിർമാണം പൂർത്തിയായി. 1.96 കൂടിയാണ് പെരുനാട് പൊലീസ് സ്റ്റേഷന് നിർമാണചെലവ്. 

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി. എംഎൽഎമാരായ അഡ്വ കെ യു ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് എബ്രഹാം, നഗരസഭ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ, അഡീഷണൽ എസ്‌പി ആർ ബിനു, ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ, പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാർ എന്നിവർ സംസാരിച്ചു.

Exit mobile version