Site icon Janayugom Online

ബംഗാള്‍ സര്‍വകലാശാലകളില്‍ ഇനി മുഖ്യമന്ത്രി ചാന്‍സലര്‍

പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ക്കു പകരം മുഖ്യമന്ത്രി സര്‍വകലാശാല ചാന്‍സലര്‍. സര്‍വകലാശാല നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ഭാസു പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ നീക്കം മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍ഖറും തമ്മിലുള്ള പോര് കൂടുതല്‍ വഷളാക്കും. നിയമ പ്രകാരം കൊല്‍ക്കത്ത, ജാദവ്പുര്‍, കല്യാണി, രബീന്ദ്ര ഭാരതി, വിദ്യാസാഗര്‍, ബുര്‍ദ്‌വാന്‍, നോര്‍ത്ത് ബംഗാള്‍ ഉള്‍പ്പെടെയുള്ള 17 സര്‍വകലാശാലകളിലെ ചാന്‍സലര്‍ ഗവര്‍ണറാണ്. ശാന്തി നികേതനിലെ വിശ്വ ഭാരതി യൂണിവേഴ്സിറ്റിയില്‍ ഗവര്‍ണര്‍ റെക്ടറും പ്രധാനമന്ത്രി ചാന്‍സലറുമാണ്.

നിരവധി വിഷയങ്ങളില്‍ മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ 25 വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് തന്റെ അനുമതിയോടെയല്ലെന്ന് ജനുവരിയില്‍ ജഗ്‌ദീപ് ധന്‍ഖര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതി കഴിഞ്ഞമാസം തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയിരുന്നു. 

Eng­lish Summary:The Chief Min­is­ter is now the Chan­cel­lor of the Uni­ver­si­ties of Bengal
You may also like this video

Exit mobile version