നയപ്രഖ്യാപന പ്രസംഗത്തില്‍ താന്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഗവര്‍ണറുടെ അസാധാരണ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവർണർ വായിച്ച ഭാഗങ്ങൾ മാത്രമേ സഭാ രേഖകളിൽ നയപ്രഖ്യാപനമായി ഉണ്ടാകാവൂ എന്ന് ആവശ്യപ്പെട്ട് ഗവർണർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇത് സ്പീക്കർ സഭയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ഗവർണറുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും നിലവിലുള്ള കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്നും സഭ വിധിച്ചു.
നയപ്രഖ്യാപനത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ച് മുഖ്യമന്ത്രിയുടെ കത്തോടുകൂടിയാണ് ഗവർണർക്ക് നൽകുന്നതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. സഭയിൽ ഗവർണർ വായിച്ചത് എന്റെ സർക്കാരിന്റെ നയങ്ങളാണ്. ഏതെങ്കിലും കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലോ ഭിന്നാഭിപ്രായം ഉണ്ടെങ്കിലോ ഗവർണർക്ക് അത് മുഖ്യമന്ത്രിയെ അറിയിക്കാമായിരുന്നു. മുൻകാലങ്ങളിൽ ഇത്തരം കീഴ്വഴക്കങ്ങൾ നടന്നു വന്നിട്ടുള്ളതാണ്. എന്നാൽ ഇത്തവണ ഒഴിവാക്കിയ ഭാഗങ്ങൾ സംബന്ധിച്ച് കത്ത് മുഖേനയോ നേരിട്ടോ ഗവർണർ മുഖ്യമന്ത്രിയെ വിവരമറിയിച്ചിരുന്നില്ല.
ഗവർണർമാർ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുന്ന രീതി മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ഗവർണറുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാൽ, മുൻ ഗവർണർമാർ സഭയിൽ വായിച്ച ഭാഗങ്ങൾ മാത്രമേ ഔദ്യോഗിക രേഖകളിൽ ഉണ്ടാകുമായിരുന്നുള്ളൂ എന്ന സ്ഥിതി വരും. അത്തരമൊരു മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറുടെ ആവശ്യം തള്ളിയതോടെ, അദ്ദേഹം ഒഴിവാക്കി വിട്ട ഭാഗങ്ങൾ ഉൾപ്പെടെയുള്ള പൂർണ്ണരൂപം തന്നെയാകും നിയമസഭയുടെ ഔദ്യോഗിക രേഖകളിൽ നയപ്രഖ്യാപനമായി നിലനിൽക്കുക.

