ഗോവ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫിസറെ പരസ്യമായി ശാസിച്ച് സസ്പെന്‍ഡ് ചെയ്ത് ആരോഗ്യമന്ത്രി വിശ്വജിത് റാണെയുടെ ഉത്തരവ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് റദ്ദാക്കി. രോഗിയോട് മോശമായി പെരുമാറി എന്ന പരാതി ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച ബാംബോലിമിലുള്ള ജിഎംസിഎച്ചിൽ ആരോഗ്യമന്ത്രി മിന്നൽ സന്ദർശനം നടത്തുന്നതിനിടെയാണ് മുതിർന്ന ഡോക്ടര്‍ രുദ്രേഷ് കുട്ടിക്കറിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. മന്ത്രി ഡോക്ടറോട് കയര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിപക്ഷം ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗം എന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് റദ്ദാക്കിക്കൊണ്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്തെത്തിയത്. വിഷയം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഡോക്ടറുടെ സസ്പെൻഷൻ നടപടി റദ്ദാക്കിയതായും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
അതേസമയം പരസ്യമായി താൻ ദേഷ്യപ്പെട്ട് സംസാരിച്ചു എന്നത് തെറ്റാണെന്ന് അംഗീകരിക്കുന്നതായി ആരോഗ്യമന്ത്രി വിശ്വജിത് റാണ പ്രതികരിച്ചു. പരാതി ലഭിച്ചപ്പോള്‍ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള ഇടപെടലാണ് നടത്തിയതെന്നും തന്റെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഇനി ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് പാട്ടിലിനൊപ്പം കാഷ്വാലിറ്റി വാർഡിലേക്ക് എത്തിയ വിശ്വജിത് റാണെ ഡോക്ടറോട് കയര്‍ക്കുകയായിരുന്നു. “നിങ്ങളൊരു ഡോക്ടർ ആണെന്ന കാര്യം മറക്കരുത്, നിങ്ങളുടെ നാക്ക് ശ്രദ്ധിക്കണം, രോഗികളോട് മാന്യമായി പെരുമാറണം ” എന്നും മന്ത്രി പറയുമ്പോൾ സംഭവത്തിൽ വിശദീകരണം നൽകാൻ ഡോക്ടർ ശ്രമിക്കുന്നതും കാണാം. ഡോക്ടർ പോകൂ എന്നും മന്ത്രി ദേഷ്യത്തോടെ പറയുന്നത് വീഡിയോയിൽ കാണാം. പരാതിയിൽ വിശദീകരണം തന്നാലും താന്‍ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയില്‍ തിരികെ എടുക്കില്ലെന്നും മന്ത്രി പറയുന്നുണ്ട്.

