കൃഷിയെകൈയൊഴികയും, നെല്‍പ്പാടങ്ങള്‍ റിയല്‍ എസ്ററേറ്റ് മാഫിയകള്‍ക്ക് കൈമാറുകയും ചെയ്തകാലം നമ്മുടെ നാട്ടില്‍ നിന്ന് കടന്നു പോയിരിക്കുന്നതായി മുഖ്യമന്ത്രിപിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.അനുഭവത്തില്‍ നിന്ന് അത് മനസിലാക്കിയാണ് കര്‍ഷകര്‍ ഈ സര്‍ക്കാരിന് അടിയുറച്ച പിന്തുണ നല്‍കുന്നത്. നവകേരളസദസില്‍ കാര്‍ഷിക മേഖലകളില്‍ ഉണ്ടാകുന്ന വമ്പിച്ച പങ്കാളിത്തം ആ പിന്തുയുടെ തെളിവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
1990കളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെയാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കാണെന്നും വ്യക്തമാക്കി. 90 കള്‍ തൊട്ടിതുവരെ രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നത് ഈ പ്രതിസന്ധിയുടെ ആഴം എത്രമാത്രമെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിര രാജ്യമാകെ പ്രക്ഷോഭങ്ങളാണ് നടന്നുവന്നത്. എന്നാല്‍, ഒരു സംസ്ഥാനത്തിന്റെ പരിമിതികളെ അതിജീവിച്ച്, കര്‍ഷകര്‍ക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കര്‍ഷകക്ഷേമം ഉറപ്പു വരുത്താന്‍ നമുക്ക് സാധിക്കുന്നുണ്ട്.
കാര്‍ഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. പതിനാറിനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയര്‍ന്ന സംഭരണ വില നല്‍കി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനായി. അങ്ങനെ കാര്‍ഷിക വിളകളുടെ ഉത്പാദനം, വിപണനം, കര്‍ഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ഉല്‍പാദനം, വിപണനം, സംസ്‌കരണം, വായ്പാ പിന്തുണ, ഇന്‍ഷ്വറന്‍സ് തുടങ്ങി കൃഷിയുടെ എല്ലാ മേഖലകളിലും കര്‍ഷകര്‍ക്ക് സഹായം വേണ്ടതുണ്ട്.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി സേവനം ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി കൃഷിഭവനുകളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തും. അതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലീകരിച്ച് കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷി ഭവനുകളായിപരിഷ്‌കരിക്കുകയാണ്.
നെല്‍കൃഷിയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2021 22 സാമ്പത്തിക വര്‍ഷത്തില്‍ 83,333.33 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്ക് നെല്‍വിത്ത്, വളം, ജൈവ കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നല്‍കി. 107.10 കോടി രൂപ നെല്‍കൃഷി വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചു. 2022 23 വര്‍ഷത്തില്‍ 93509.94 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്ക് ഇതേ ധനസഹായം നല്കി. 49കോടിയോളം രൂപ നെല്‍കൃഷി വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. നെല്‍വയലുകള്‍ തരം മാറ്റുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി ഹെക്ടറിന് 2000 രൂപ എന്നത് 3000 ആയി റോയല്‍റ്റി വര്‍ധിപ്പിച്ചു. തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 40,000 രൂപ നിരക്കില്‍ 31 കോടി രൂപ ചിലവഴിച്ചു.
മണ്ണിനെയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ട് സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവ കൃഷിയും ജൈവ ഉല്‍പാദനോപാധികളുടെ ലഭ്യത വര്‍ധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷന്‍ മോഡിലുളള പദ്ധതിയാണ് ജൈവ കാര്‍ഷിക മിഷന്‍. ഈ പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തില്‍ 10,000 ഹെക്ടര്‍ സ്ഥലത്ത് നടപ്പിലാക്കും. 30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയെ പുതിയ കാലത്തിനും സാധ്യതയ്ക്കും യോജിച്ച രീതിയില്‍ ഉയര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കാര്‍ഷിക മേഖലയില്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍, നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു വിഷയം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ചിലര്‍.
2016 ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍ ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വര്‍ദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് നെല്ലിന്റെ ഉത്പാദന ക്ഷമത ഹെക്ടറിന് 2.54 ടണ്ണില്‍ നിന്ന് 4.56 ടണ്‍ ആയി വര്‍ദ്ധിപ്പിച്ചു. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെല്‍വയല്‍ ഉടമകള്‍ക്ക് ഓരോ ഹെക്ടറിനും 3,000 രൂപാവീതം നല്‍കുന്ന റോയല്‍റ്റി 14,498 ഹെക്ടര്‍ വയലുകള്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമാക്കിയത്. 2022–23 സംഭരണ വര്‍ഷത്തില്‍ 3,06,533 കര്‍ഷകരില്‍ നിന്നായി 731183 മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും വിലയായി 2061.9 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.
1,75,610 നെല്‍കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനപ്പെട്ടത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താങ്ങുവില 20 രൂപ 40 പൈസ ആണ്. എന്നാല്‍ കേരളം 28 രൂപ 20 പൈസയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അധിക തുകയായ 7രൂപ 80 പൈസ, കേരളം സ്വന്തം നിലയ്ക്കാണ് നല്‍കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള തുകയ്ക്ക് കാത്തുനില്‍ക്കാതെ തന്നെ കര്‍ഷകന്റെ അക്കൗണ്ടില്‍ മുഴുവന്‍ തുകയും ലഭ്യമാക്കുകയാണ് കേരളം ചെയ്യുന്നത്. അതിനായി ബാങ്കുകള്‍ വഴി പി ആര്‍ എസ്സിലൂടെ അഡ്വാന്‍സായി നല്‍കുന്ന തുകയുടെ പലിശ വഹിക്കുന്നത് സംസ്ഥാനമാണ്.നെല്ല് സംഭരണത്തിന്റെ കേന്ദ്രവിഹിതമായ 790 കോടി രൂപ ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിനുപുറമെ നെല്ല് അരിയാക്കുന്നതിന് ചിലവാകുന്ന തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
English Summary:
The Chief Minister said that in the background of experience, the farmers are giving firm support to the LDF government
You may also like this video: