ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക് 21ന് തലസ്ഥാനത്ത് തുടക്കമാകും.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നടി കീർത്തി സുരേഷ് ആണ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ. രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് സംസ്ഥാന സ്കൂൾ കായിക മേളയുടെ അംബാസഡർ. 12 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താല്‍ക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വരികയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ വടംവലി അടക്കം 12 മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
അത്‌ലറ്റിക്സ് മത്സരങ്ങൾ നടക്കുന്നത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ്. ത്രോ ഇവന്റസ് എല്ലാം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും.
സ്റ്റേഡിയങ്ങളിലെ ചെറിയ അറ്റകുറ്റപ്പണികൾ മാത്രമേ ഇനി ബാക്കിയുള്ളൂ. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കൽ ഒഫീഷ്യൽസിനെയും, സെലക്ടേഴ്സിനെയും വോളണ്ടിയേഴ്സിനെയും നിയോഗിച്ചു കഴിഞ്ഞു. മത്സരങ്ങൾക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്കും ഒഫീഷ്യൽസിനും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് താമസിക്കുന്നതിനായി എഴുപതോളം സ്കൂളുകളും സഞ്ചരിക്കുന്നതിനായി ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തിനായി പുത്തരിക്കണ്ടത്ത് അടക്കം അഞ്ച് അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേർക്ക് ഇരുന്ന് കഴിക്കാൻ ഭക്ഷണപ്പന്തൽ ഒരുങ്ങും. ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഭിന്നശേഷി കുട്ടികളുടെയും, വിദേശത്തുള്ള കുട്ടികളുടെയും ഓൺലൈൻ എൻട്രി പൂർത്തിയായി വരികയാണ്. വിദേശത്തുള്ള കുട്ടികളുടെ കോർഡിനേഷന് വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

