Site iconSite icon Janayugom Online

ബയോകണക്ട് മൂന്നാം പതിപ്പ് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിലെ ലൈഫ് സയൻസ് മേഖലയുടെ വളർച്ചയ്ക്ക് പുതിയ വഴിത്തിരിവായി മാറുന്ന ബയോ കണക്ട് 3.0 ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കോവളം ലീല റാവിസില്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്, കേന്ദ്ര ടെക്‌നോളജി ഡെവലപ്മെന്റ് ബോർഡ് സെക്രട്ടറി രാജേഷ് കുമാർ പാഥക് തുടങ്ങിയവർ പങ്കെടുക്കും. കേംബ്രിഡ്ജ് ഇന്നൊവേഷൻ സെന്റർ സ്ഥാപകനായ ടിമോത്തി റോ ചടങ്ങിൽ വിശിഷ്ടാതിഥിയാകും.
രണ്ട് ദിവസം നീളുന്ന ഈ അന്താരാഷ്ട്ര കോൺക്ലേവിലൂടെ ഏകദേശം 200 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്.
വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ ഉപകമ്പനിയായ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കും ബയോ 360 ലൈഫ് സയൻസസ് പാർക്കും ചേർന്നാണ് ബയോ കണക്ടിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്.
ന്യൂട്രാസ്യൂട്ടിക്കൽസ്, മെഡിക്കല്‍ ഉപകരണങ്ങള്‍, എഐ ആന്റ് ഹെല്‍ത്ത്, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ പ്രത്യേക സെഷനുകള്‍ മൂന്നാം പതിപ്പിന്റെ പ്രത്യേകതയാണ്. രാജ്യത്തെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങളും കമ്പനികളും അവരുടെ സാങ്കേതിക വിദ്യകള്‍ കോൺക്ലേവിൽ പ്രദര്‍ശിപ്പിക്കും. കേരളത്തെ ആരോഗ്യ‑ബയോടെക് മേഖലകളിലെ ഇന്നൊവേഷന്‍ ഹബ്ബ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കണക്ടിങ് സയന്‍സ് ടു ബിസിനസ്’ എന്ന മുദ്രാവാക്യവുമായി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 700 ലധികം പ്രതിനിധികളും, 75 ലധികം എക്സിബിറ്റര്‍മാരും, കോണ്‍ക്ലേവില്‍ പങ്കെടുക്കും.
കേരളത്തിനായി തയ്യാറാക്കിയ ബയോ ഇക്കണോമി റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ പുറത്തിറക്കും. സാംസങ് എച്ച്എംഇ, ഹയര്‍ ബയോമെഡിക്കല്‍, തര്‍മോഫിഷര്‍ സയന്റിഫിക്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്, മാഗ്ജീനോം തുടങ്ങി അന്തർദേശീയ ദേശീയ സ്ഥാപനങ്ങള്‍ കോൺക്ലവിൽ പങ്കുചേരും. സംസ്ഥാനത്തെ ലൈഫ് സയൻസ് മേഖലയിൽ കൂടുതൽ നിക്ഷേപ ‚ബിസിനസ് അവസരങ്ങൾക്കും ബയോ കണക്ട് 3.0 വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version