ഭ്രമണപഥത്തിലെ അവശിഷ്ടങ്ങൾ ഹിരാകാശ പേടകത്തിൽ ഇടിച്ചതിനെത്തുടർന്നുണ്ടായ കാലതാമസത്തിന് ശേഷം മൂന്ന് ചൈനീസ് ബഹിരാകാശയാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ഷെന്‍ഷൗ 20 ദൗത്യത്തിലെ കമാന്‍ഡര്‍ ചെന്‍ ഡോങ്, വാങ് ജിയേ, ചെന്‍ ഷോങ്റുയി എന്നിവരാണ് ബഹിരാകാശത്ത് കുടുങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ മൂവരും ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞു വരികയായിരുന്നു.
ഒക്ടോബര്‍ 31 ന് ഷെന്‍ഷൗ 21 സംഘം നിലയത്തിലെത്തിയ ശേഷം നവംബര്‍ അഞ്ചിനാണ് ഇവര്‍ ഭൂമിയിലേക്ക് മടങ്ങാനിരുന്നത്. എന്നാല്‍ തിരികെ വരാന്‍ നിശ്ചയിച്ച പേടകത്തില്‍ ചെറിയ ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് ചൈനീസ് മാന്‍ഡ് സ്‌പേസ് ഏജന്‍സി മടക്കയാത്ര മാറ്റി വയ്ക്കുകയായിരുന്നു. 2023 ല്‍ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിന്റെ ഒരു സോളാര്‍ പാനലില്‍ ബഹിരാകാശ അവശിഷ്ടം തട്ടി ചെറിയ വൈദ്യുതി തടസമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ചൈന സ്റ്റേഷന്റെ ബാഹ്യ കവചം കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും സമാനമായ അപകടങ്ങള്‍ നേരിടാറുണ്ട്. അതിനാല്‍ നിരന്തരം ഭ്രമണപഥം മാറ്റിയാണ് ഐഎസ്എസ് നീങ്ങുന്നത്.

