Site iconSite icon Janayugom Online

കർണാടകയില്‍ മുഖ്യമന്ത്രി മാറ്റം വീണ്ടും ചൂടുപിടിക്കുന്നു

കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറുന്നുവെന്ന അഭ്യൂഹം വീണ്ടും. ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയെ ഒരു സംഘം എംഎൽഎമാർ സന്ദര്‍ശിച്ചത്, ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹത്തിന് വഴിവച്ചു.
എംഎല്‍എമാര്‍ ഖാര്‍ഗെയെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ആരാണ് അവരെ തടയുക?’ എന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം. എല്ലാവർക്കും അവരുടെ നേതാക്കളെ കാണാൻ പോകാം. നിങ്ങൾക്ക് അവരെ തടയാൻ കഴിയില്ല, അവരോട് വേണ്ട എന്ന് പറയാനും കഴിയില്ല. പലരും മന്ത്രിമാരോടൊപ്പം പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുബ്ബി എംഎൽഎ എസ്ആർ ശ്രീനിവാസ്, ശൃംഗേരി എംഎൽഎ ടിഡി താജഗൗഡ, കുണിഗൽ എംഎൽഎ എച്ച് രംഗനാഥ്, ആനേക്കൽ എംഎൽഎ ബി ശിവണ്ണ, കുടച്ചി എംഎൽഎ മഹേന്ദ്ര കല്ലപ്പ തമ്മണ്ണവർ, എംഎൽഎ സി രവി എന്നിവർ ഖാർഗെയെ കണ്ട് അധികാരമാറ്റത്തെക്കുറിച്ച് സംസാരിച്ചതായാണ് സൂചന. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ശിവകുമാർ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെടാൻ അർഹനാണെന്നും ഖാർഗെയോട് പറഞ്ഞതായി ഒരു എംഎൽഎ പറഞ്ഞു.
അതേസമയം, ഡൽഹിയിലായിരുന്ന മന്ത്രിമാരായ ചാലുവരായസ്വാമിയും ശിവാനന്ദ് പാട്ടീലും തങ്ങളുടെ സന്ദർശനം പൂർണമായും ഔദ്യോഗികമാണെന്ന് വാദിച്ചു. ഖാർഗെയുടെ സമയം തേടിയിരുന്നതായും ശനിയാഴ്ച അദ്ദേഹം ബംഗളൂരു സന്ദർശിക്കുമ്പോൾ കാണുമെന്നും പാട്ടീൽ പറഞ്ഞു.

Exit mobile version