Site icon Janayugom Online

ലുലു ഷോപ്പിംഗ് മാൾ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ആക്കുളത്ത് കേരളത്തിലെ ലുലുവിന്റെ രണ്ടാമത് ഷോപ്പിംഗ് മാളിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. മാൾ നാളെ രാവിലെ ഒമ്പത് മണിക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാൾ. രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണത്തിലാണ് മാൾ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടുലക്ഷം ചതുരശ്രയടി, വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം. 

ഗ്രോസറി, പഴം പച്ചക്കറികൾ, വൈവിധ്യമാർന്ന മറ്റ് ഉല്പന്നങ്ങൾ, ബേക്കറി, ഓർഗാനിക് ഫുഡ്, ഹെൽത്ത് കെയർ വിഭാഗങ്ങളുമായി വ്യത്യസ്തവും, വിശാലവുമാണ് ഹൈപ്പർമാർക്കറ്റ്. ഇത് കൂടാതെ ഇന്ത്യൻ, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉൾപ്പെടെ പ്രാദേശികമായി സംഭരിച്ച ഉല്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തൻ അനുഭവം നൽകുന്നതാണ് മാൾ.

200ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലുള്ളത്. ഇവയ്ക്ക് പുറമെ ഖാദി ഉല്പന്നങ്ങളുടെ വൻ ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേ സമയം 2,500പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, സ്റ്റാർ ബക്ക്സ് മുതൽ നാടൻ വിഭവങ്ങൾ വരെ ഒരുക്കി കഫേകളും റസ്റ്റോറന്റുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഫൺട്യൂറ എന്ന ഏറ്റവും വലിയ എന്റർടെയിന്മെന്റ് സെന്ററും മാളിൽ ഒരുക്കിയിട്ടുണ്ട്. 80,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഫൺട്യൂറ നിർമ്മിച്ചിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മാളിൽ സിപ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ സിനിമ, കറൻസി എക്സ്ചേഞ്ച്, 3500 വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം, 15,000 പേർക്ക് നേരിട്ടും അല്ലാതെയും ജോലി തുടങ്ങിയവയുമാണ് തലസ്ഥാനത്തിനായി ലുലുമാൾ സജ്ജീകരിച്ചിരിക്കുന്നത്. 

ENGLISH SUMMARY:The CM will inau­gu­rate the Lulu Shop­ping Mall today
You may also like this video

Exit mobile version