Site iconSite icon Janayugom Online

കയർ ഫാക്ടറി തൊഴിലാളികൾ നാളെ മാർച്ചും ധർണ്ണയും നടത്തും

തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ ( എഐടിയുസി) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കയർ ഫാക്ടറി തൊഴിലാളികൾ സർക്കാർ സ്ഥാപനങ്ങളുടേയും കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെയും മുന്നിൽ നാളെ മാർച്ചും ധർണ്ണയും നടത്തും. ചേര്‍ത്തല താലൂക്ക് ഓഫീസിന് മുന്നില്‍ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആ‍ഞ്ചലോസ് സമരം ഉദ്ഘാടനം ചെയ്യും. ആലപ്പുഴ കയര്‍ഫെഡിന് മുന്നില്‍ കേരള സ്റ്റേറ്റ് കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി വി സത്യനേശന്‍ ഉദ്ഘാടനം ചെയ്യും. 

കാര്‍ത്തികപ്പള്ളി തൃക്കുന്നപ്പുഴ കയര്‍തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്‍പില്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. കൊല്ലം കളക്ടേറ്റിന് മുന്‍പില്‍ കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് മനോജ് ബി ഇടമന ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് വി ശശി എംഎല്‍എയും വൈക്കം താലൂക്ക് ഓഫീസിന് മുന്‍പില്‍ കേരളാ സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എസ് പ്രകാശനും കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസിന് മുന്‍പില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദനും ഉദ്ഘാടനം ചെയ്യും. 

കയര്‍ മേഖലയെ രക്ഷിക്കുവാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടുക, കയര്‍പിരി തൊഴിലാളികളുടെ കൂലി 700 രൂപയാക്കുക, കയര്‍ഫാക്ടറിയിലെ മുഴുവന്‍ തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക, സിഐആര്‍സി തീരുമാനപ്രകാരമുള്ള കൂലിയും മറ്റവകാശാനുകൂല്യങ്ങളും എല്ലാ കയര്‍ഫാക്ടറികളിലും നടപ്പിലാക്കുക, കയര്‍ഫെഡും കയര്‍ കോര്‍പ്പറേഷനും സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിഖ ഉടന്‍ നടപ്പിലാക്കുക, കയര്‍മേഖലയിലെ തൊഴില്‍ ഇല്ലായ്മ ഉടന്‍ പരിഹരിക്കുക, തൊണ്ട് സംഭരണം ശക്തമാക്കി ചകിരിയുടേയും കയറിന്റേയും ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങളും അവശതാപെന്‍ഷനും അംശാദായവും നല്‍കുക, ക്ഷേമനിധി പെന്‍ഷന്‍ കുടിശിഖ തീര്‍ത്ത് വര്‍ദ്ധിപ്പിച്ച് നല്‍കുക, തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളെ നിയന്ത്രിക്കുക, പ്രൈമറി സംഘങ്ങള്‍ക്കും മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സംഘങ്ങള്‍ക്കും ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണയും സമരവും സംഘടിപ്പിക്കുന്നത്.

Exit mobile version