Site iconSite icon Janayugom Online

കിണറ്റിലെ വെള്ളത്തില്‍ നില നിറം; സാമ്പിള്‍ പരിശോധനക്കയച്ച് അധികൃതര്‍

വീട്ടുപറമ്പിലെ കിണറ്റില്‍ നില നിറത്തില്‍ വെള്ളം കണ്ടെത്തി. ചാത്തമംഗലം വെള്ളലശ്ശേരിക്ക് സമീപം പുതിയാടത്ത് വിശ്വംഭരന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി വെള്ളത്തിന്റെ നിറം മാറ്റമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉപയോഗിച്ചപ്പോള്‍ വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ പോകാനായി വ്രതമനുഷ്ടിക്കുന്നതിനാല്‍ വിശ്വംഭരന്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിക്കാറുണ്ട്. ഇരുട്ടായതിനാല്‍ നിറം മാറ്റം ശ്രദ്ധിച്ചില്ല. പിന്നീട് നേരം വെളുത്തതോടെ, മറ്റാവശ്യങ്ങള്‍ക്കായി വെള്ളം ബക്കറ്റില്‍ നിറച്ചപ്പോഴാണ് നീലനിറം കണ്ടത്. കിണറിലേക്ക് നോക്കിയപ്പോള്‍ കടുത്ത നീല നിറത്തിലാണ് വെള്ളമുണ്ടായിരുന്നത്. ഉടന്‍ തന്നെ സമീപത്തെ വീടുകളിലെ കിണര്‍ പരിശോധിച്ചെങ്കിലും അവിടെയൊന്നും കുഴപ്പമുണ്ടായിരുന്നില്ല. 

ആശങ്കയിലായ വീട്ടുകാര്‍ സംഭവം മാവൂര്‍ പൊലീസിലും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിച്ചു. ഇവിടെ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് വെള്ളത്തിന്റെ സാംപില്‍ കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. 14 മീറ്ററോളം ആഴമുള്ള കിണര്‍ 16 വര്‍ഷം മുന്‍പാണ് നിര്‍മിച്ചത്. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ കിണറിലെ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതര്‍ കുടുംബത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version